ഗസ്സ സിറ്റി: ബന്ദി മോചനത്തിന് പിന്നാലെ ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാതിരുന്ന ഇസ്രായേൽ നടപടി ഗസ്സ വെടിനിർത്തൽ കരാറിന്റെ ഗുരുതര ലംഘനമാണെന്ന് ഹമാസ്. തടവുകാരുടെ കൈമാറ്റ ചടങ്ങുകൾ അപമാനകരമാണെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വാദം തെറ്റാണെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്സത് അൽ റഷ്ഖ് പറഞ്ഞു. വെടിനിർത്തൽ കരാറിന്റെ ബാധ്യതയിൽനിന്ന് ഒഴിഞ്ഞു മാറാനുള്ള ഇസ്രായേലിന്റെ ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.
വെടിനിർത്തൽ കരാർ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നെതന്യാഹുവിന്റെ തീരുമാനം. വെടിനിർത്തൽ കരാർ ഇസ്രായേൽ നടപ്പാക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നാണ് നടപടി കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ആറ് ബന്ദികളെ ഇസ്രായേലിന് കൈമാറിയതിന് പിന്നാലെ 620 ഫലസ്തീൻ തടവുകാരെ വിട്ടയക്കണമെന്ന തീരുമാനമാണ് ഇസ്രായേൽ വൈകിപ്പിച്ചത്.
ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ‘അപമാനകരമായ’ ചടങ്ങുകൾ അവസാനിപ്പിച്ചാൽ മാത്രമേ തടവുകാരെ മോചിപ്പിക്കൂവെന്നാണ് നെതന്യാഹുവിന്റെ നിലപാട്. അതേസമയം, തടവുകാരെ കൈമാറുന്ന ചടങ്ങ് അവരെ അപമാനിക്കലല്ലെന്നും മറിച്ച് മാന്യമായ മാനുഷിക പെരുമാറ്റമാണെന്നും ഹമാസ് വ്യക്തമാക്കി.
വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിന്റെ അവസാനമായി ഈ ആഴ്ച ഹമാസ് നാല് ബന്ദികളുടെ മൃതദേഹങ്ങൾ കൂടി കൈമാറും. ബാക്കിയുള്ള ബന്ദികളെ കരാറിന്റെ രണ്ടാം ഘട്ടത്തിലാണ് കൈമാറുക. വെടിനിർത്തൽ നടപ്പാക്കുകയും ഇസ്രായേൽ സേന പൂർണമായും പിന്മാറുകയും ചെയ്യാതെ ബന്ദികളെ വിട്ടുനൽകില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.