ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിലെന്ന് റിപ്പോർട്ട്. ഇസ്രയേലി ചാര സംഘടനയായ മൊസാദിനുള്ളിൽ അതി വിപുല ബന്ധങ്ങളുള്ള മാധ്യമപ്രവർത്തകൻ റോനെൻ ബർഗ്മാന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ന്യൂയോർക് ടൈംസ് വ്യാഴാഴ്ച രാത്രി പുറത്തുവിട്ടു.
ബർഗ്മാന്റെ റിപ്പോർട്ട് പ്രകാരം തെഹ്റാനിൽ ഹനിയ്യ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസ് മുറിയിലുണ്ടായ ബോംബ് സ്ഫോടനമാണ് മരണകാരണം. കുറഞ്ഞത് രണ്ടുമാസമെങ്കിലും മുമ്പ് മുറിയിൽ ബോംബ് സ്ഥാപിച്ചിരുന്നു. വടക്കൻ തെഹ്റാനിലെ സമ്പന്ന വാസമേഖലയിലുള്ള നിശാത്ത് എന്ന കോമ്പൗണ്ടിലുള്ള ഈ ഗെസ്റ്റ് ഹൗസ് റെവല്യുഷണി ഗാർഡിന്റെ കാവലിലാണ്. ഹനിയ്യയുടെ മുറിയിൽ സ്ഥാപിച്ച ബോംബ് റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് പൊട്ടിച്ചതത്രെ. ദോഹയിൽ താമസിക്കുന്ന ഹനിയ്യ തെഹ്റാനിലെത്തുമ്പോൾ സ്ഥിരമായി ഈ ഗെസ്റ്റ് ഹൗസിലെ മുറിയിലാണ് പാർക്കുന്നത്. സ്ഫോടനത്തിൽ കെട്ടിടം കുലുങ്ങി. പുലർച്ചെ രണ്ടിന് ശബ്ദം കേട്ട് നടുങ്ങിയ ഗെസ്റ്റ്ഹൗസ് ജീവനക്കാരും സുരക്ഷാഉദ്യോഗസ്ഥരും അതിന്റെ പ്രഭവകേന്ദ്രം തേടി പായുകയായിരുന്നു.
ഒടുവിലാണ് ഹനിയ്യയും അംഗരക്ഷകനും ഉറങ്ങിയിരുന്ന മുറിയിലെത്തിയത്. ഗെസ്റ്റ് ഹൗസിലെ മെഡിക്കൽ ടീം ഉടനടി മുറിയിലെത്തി. പക്ഷേ, അപ്പോഴേക്കും ഹനിയ്യ മരിച്ചിരുന്നു. അംഗരക്ഷകന് ജീവനുണ്ടായിരുന്നു. പ്രാഥമിക ശുശ്രുഷ നൽകുന്നതിനിടെ അയാളും മരിച്ചു. തെഹ്റാനിലുണ്ടായിരുന്ന ഹമാസിന്റെ ഡെപ്യൂട്ടി കമാൻഡർ ഖലീൽ അൽഹയ്യ ഉടൻ സ്ഥലത്തെത്തി നേതാവിന്റെ മൃതദേഹം കണ്ടു. ഖുദ്സ് ഫോഴ്സിന്റെ കമാൻഡർ ജനറൽ ഇസ്മായിൽ ഗനിയെ ഉടൻ വിവരമറിയിച്ചു. അദ്ദേഹമാണ് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി ദുരന്ത വാർത്ത എത്തിച്ചത്.
നാലുമണിക്കൂറിന് ശേഷം പ്രാദേശിക സമയം രാവിലെ ഏഴുമണിയോടെ റെവല്യൂഷണറി ഗാർഡിന്റെ പ്രസ്താവനയിലൂടെയാണ് വിവരം പുറം ലോകമറിയുന്നത്. പിന്നാലെ ഖാംനഈ ഇറാന്റെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങളെ വസതിയിലേക്ക് വിളിച്ചുവരുത്തി. ആ യോഗത്തിലാണ് ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാനുള്ള ഉത്തരവ് അദ്ദേഹം നൽകിയത്. സംഭവത്തിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്തിട്ടില്ലെങ്കിലും കഴിഞ്ഞ മണിക്കൂറുകളിൽ യു.എസ് ഉൾപ്പെടെ ചില രാഷ്ട്രങ്ങൾക്ക് ഓപറേഷന്റെ വിവരങ്ങൾ ഇസ്രയേൽ കൈമാറിയെന്നാണ് സൂചന.
കൊലപാതകത്തെ കുറിച്ച് മുന്നറിവുണ്ടായിരുന്നില്ലെന്ന് ബുധനാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചിരുന്നു. ഹനിയ്യയുടെ മരണം പുറത്തുവന്നയുടൻ ഒരു മിസൈലാക്രമണമാകും എന്ന നിലയിലായിരുന്നു വാർത്തകൾ. റെവല്യുഷണറി ഗാർഡിന്റെ കാവലിലുള്ള കെട്ടിടത്തിൽ ബോംബ് വെക്കാൻ കഴിഞ്ഞത് ഇറാന്റെ സുരക്ഷാസംവിധാനങ്ങൾക്കുള്ളിലേക്ക് ഇസ്രയേലി നുഴഞ്ഞുകയറ്റം ഉണ്ടായിരിക്കുന്നുവെന്നതിന്റെ സൂചനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.