മാലേ: സാമ്പത്തിക തകർച്ചയെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ പിടിച്ചു നിൽക്കാനാവാതെ രാജ്യം വിട്ട് മാലദ്വീപിലെത്തിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ സിംഗപ്പൂരിലേക്ക് പോകുമെന്ന് റിപ്പോർട്ട്. സ്വകാര്യ വിമാനത്തിൽ സിംഗപ്പൂരിലേക്ക് പോകാനാണ് പുതിയ തീരുമാനമെന്ന് മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെലാന അന്താരാഷ്ട്ര വിമാനത്താവളത്തിലെ വി.ഐ.പി ടെർമിനലിന് സമീപം കാത്തുനിന്ന മാധ്യമപ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ നീക്കം ചെയ്തതായും റിപ്പോർട്ടുണ്ട്.
സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ ഇന്ന് സിംഗപ്പൂരിലേക്ക് പോകാനാണ് ഗോടബയയും ഭാര്യ അയോമ രാജപക്‌സയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, സുരക്ഷാ പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്ര ഒഴിവാക്കിയെന്ന് ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്യുന്നു.
ബുധനാഴ്ച രാവിലെ സൈനിക വിമാനത്തിലായിരുന്നു ഗോടബയയും സംഘവും മാലദ്വീപിലേക്ക് രക്ഷപ്പെട്ടത്. ഇതിനു പിന്നാലെ താൽകാലിക പ്രസിഡന്റായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ചുമതലയേറ്റു. തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. രാജിവെക്കാതെയാണ് ഗോടബയ രാജ്യംവിട്ടത്. പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകർ പ്രതിഷേധം ശക്തമാക്കിയതോടെ മിക്ക സ്ഥലങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
പ്രസിഡന്റ് രാജിവെക്കുന്നതോടെ പിൻഗാമിയെ കണ്ടെത്തലാണ് ശ്രീലങ്ക കാത്തിരിക്കുന്ന വലിയ കടമ്പ. ഒരു മാസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്തണം. നിലവിലെ പ്രധാനമന്ത്രിയും പാർലമെന്റ് സ്പീക്കറുമാണ് ഇതിന് നേതൃത്വം നൽകേണ്ടത്. നിലവിലെ സഭയുടെ കാലാവധി കഴിയുംവരെയാകും അദ്ദേഹത്തിന്റെ കാലാവധി. അതുകഴിഞ്ഞ് തെരഞ്ഞെടുപ്പ് നടത്തി പിൻഗാമിയെ കണ്ടെത്തണം. അടുത്ത സർക്കാറിനെ നയിക്കാൻ തയാറാണെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.