ഇസ്താംബുൾ മേയറെ അഴിമതിക്കുറ്റത്തിന് ജയിലിലടച്ചു; തുർക്കിയയിൽ പ്രതിഷേധം

ഇസ്താംബുൾ മേയറെ അഴിമതിക്കുറ്റത്തിന് ജയിലിലടച്ചു; തുർക്കിയയിൽ പ്രതിഷേധം

ഇസ്താംബുൾ: നഗരത്തിന്റെ മേയർ ഇക്രെം ഇമാമോഗ്ലുവിനെ അഴിമതി കുറ്റത്തിന് ഇസ്താംബുൾ കോടതി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സംഭവത്തിൽ പ്രതിഷേധവുമായി പതിനായിരക്കണക്കിനുപേർ നഗരത്തിൽ ഒത്തുകൂടി.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തന്റെ പാർട്ടിയുടെ നാമനിർദേശം ലഭിച്ച ദിവസം തന്നെയാണ് ഇമാമോഗ്ലുവിനെ വിചാരണക്ക് മുമ്പുള്ള തടങ്കലിലേക്ക് അയച്ചത്.

തുർക്കിയയിലെ ഏറ്റവും വലിയ നഗരത്തിലെ മേയറും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ എതിരാളിയുമായ ഇമാമോഗ്ലുവിനുമേൽ ക്രിമിനൽ സംഘടനയെ നയിച്ചതിനും, കൈക്കൂലി, മോശം പെരുമാറ്റം, അഴിമതി തുടങ്ങിയവക്കും കുറ്റങ്ങൾ ചുമത്തിയതായാണ് റിപ്പോർട്ട്. കൂടാതെ ഡസൻ കണക്കിന് ജീവനക്കാരെയും മുനിസിപ്പൽ ഉദ്യോഗസ്ഥരെയും ജയിലിലടച്ചതായും മാധ്യമങ്ങൾ പറയുന്നു.

കഴിഞ്ഞ വർഷം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷ രാഷ്ട്രീയ സഖ്യവുമായി സഹകരിച്ചതിന് ‘ഒരു സായുധ തീവ്രവാദ ഗ്രൂപ്പിനെ സഹായിച്ചു‘ എന്നതിന് ഇമാമോഗ്ലുവിനും കുറഞ്ഞത് നാല് പേർക്കുമെതിരെ പ്രത്യേക കുറ്റങ്ങൾ ചുമത്തിയിരുന്നു.

ഇമാമോഗ്ലുവിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിൽ രോഷാകുലരായി തുടർച്ചയായ അഞ്ചാം വൈകുന്നേരവും ഇസ്താംബൂളിലെ സിറ്റി ഹാളിന് സമീപം തടിച്ചുകൂടിയ പ്രകടനക്കാരെ പൊലീസ് നേരിട്ടു. ജനക്കൂട്ടത്തിനു നേരെ കുരുമുളക് സ്‌പ്രേ ചെയ്യുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തായും റിപ്പോർട്ടുണ്ട്. ഇസ്മിറിൽ, കവചിത ജലപീരങ്കി ട്രക്കുകൾ ഉപയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്ന വിഡിയോകൾ പുറത്തുവന്നു. ഇസ്താംബൂളിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇമാമോഗ്ലുവിന്റെ ഭാര്യ അധികാരികൾക്ക് പ്രതികാരം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി.

ഇമാമോഗ്ലുവിനെയും രണ്ട് ഇസ്താംബുൾ ജില്ലാ മേയർമാരെയും ഔദ്യോഗികമായി സ്ഥാനത്തുനിന്ന് നീക്കാനും പകരം ഒരു ട്രസ്റ്റിയെ നിയമിക്കാനും തുർക്കി ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ഇസ്താംബൂളിന്റെ പ്രാന്തപ്രദേശത്തുള്ള സിലിവ്രി ജയിലിലടച്ച ഇമാമോഗ്ലു തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു. തന്റെ തടങ്കൽ ‘തുർക്കിയുടെ അന്താരാഷ്ട്ര പ്രശസ്തിയെ മാത്രമല്ല, പൊതുജനങ്ങളുടെ നീതിബോധത്തെയും സമ്പദ്‌വ്യവസ്ഥയിലുള്ള വിശ്വാസത്തെയും തകർത്തു’ എന്ന് ചോദ്യം ചെയ്യലിൽ അന്വേഷകരോട് പറഞ്ഞു.

ഈ ആഴ്ച ആദ്യം നടന്ന റെയ്ഡിൽ ഇസ്താംബുൾ മേയറെ കസ്റ്റഡിയിലെടുത്തത് തുർക്കിയിലുടനീളം പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. പതിനായിരക്കണക്കിന് ആളുകൾ എല്ലാ രാത്രിയിലും തെരുവിലിറങ്ങുകയും പലപ്പോഴും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇസ്താംബുൾ മുനിസിപ്പാലിറ്റിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 323 പേരെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രി അലി യെർലികായ പ്രഖ്യാപിച്ചു. എന്നാൽ, വ്യാപകമായ അടിച്ചമർത്തൽ രാഷ്ട്രീയ പ്രേരിതമാണെന്ന വാദം തുർക്കി ഉദ്യോഗസ്ഥർ നിഷേധിച്ചു.

Tags:    
News Summary - Huge protests as Istanbul mayor jailed on day of likely presidential nomination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.