ജറൂസലം: കഴിഞ്ഞ മേയിൽ 11 ദിവസം നീണ്ട ഇസ്രായേലിൻെറ ഗസ്സ ആക്രമണം യുദ്ധക്കുറ്റമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്.
62 ഫലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ട മൂന്ന് ഇസ്രായേലി വ്യോമാക്രമണങ്ങളെക്കുറിച്ച് അന്വേഷിച്ച ശേഷമാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് യുദ്ധക്കുറ്റം ചുമത്തിയത്. ഇസ്രായേൽ ആക്രമണത്തിന് വ്യക്തമായ സൈനിക ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേൽ ജനസംഖ്യാകേന്ദ്രങ്ങളിൽ നാലായിരത്തിലധികം റോക്കറ്റുകളും മോർട്ടാറുകളും ലക്ഷ്യമില്ലാതെ വിക്ഷേപിച്ച ഹമാസും യുദ്ധക്കുറ്റം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രത്യേകം നൽകുമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഡയറക്ടർ ജെറി സിംസൺ അറിയിച്ചു. ഇരുവശത്തും സംബന്ധിച്ച ആക്രമണത്തെകുറിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, റിപ്പോർട്ട് സംബന്ധിച്ച് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. ഗസ്സയിലെ ഹമാസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് റോക്കറ്റ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ പറയുന്നത്. മേയ് 10ന് മസ്ജിദുൽ അഖ്സയിൽ ഒത്തുകൂടിയ വിശ്വാസികൾക്കു നേരെ ഇസ്രായേൽ പൊലീസ് അക്രമം അഴിച്ചുവിട്ടതിനെ തുടർന്നാണ് ആക്രമണം തുടങ്ങിയത്.
67 കുട്ടികളും 39 സ്ത്രീകളും അടക്കം 254 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 80 ഹമാസ് പ്രവർത്തകരും കൊല്ലപ്പെട്ടു. രണ്ടു കുട്ടികൾ അടക്കം 12 ഇസ്രായേലികൾ ഹമാസിൻെറ തിരിച്ചടിയിൽ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.