കാബൂൾ വിമാനത്താവളത്തിൽ വൻ ജനക്കൂട്ടം​, വിമാനത്തിൽ കയറാൻ തിക്കുംതിരക്കും​; തിരക്കിൽ അഞ്ചു മരണം -VIDEO

കാബൂൾ: അഫ്​ഗാനിൽ താലിബാൻ ഭരണം തിരിച്ചുപിടിച്ചതോടെ മുൻസർക്കാർ ഉദ്യോഗസ്​ഥരും വിദേശികളും രാജ്യം വിടാൻ കാബൂൾ വിമാനത്താവളത്തിൽ തടിച്ചുകൂടി. നിർത്തിയിട്ട വിമാനങ്ങളിൽ കയറാൻ ആയിരക്കണക്കിന്​ പേർ തിക്കുംതിരക്കും കൂട്ടുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ജനങ്ങളെ പിരിച്ചുവിടൻ യു.എസ്​ സൈന്യം ആകാശ​േത്തക്ക്​ വെടിവെച്ചു. വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും പെട്ട്​ ചുരുങ്ങിയത്​ അഞ്ച്​ പേരെങ്കിലും ഇതനകം മരിച്ചുവെന്നാണ്​ റിപ്പോർട്ട്​. 

അഫ്​ഗാനിൽ താലിബാൻ നിയന്ത്രണത്തിലല്ലാത്ത ഏക കേന്ദ്രമാണ്​ കാബൂൾ വിമാനത്താവളം. ഇതിന്‍റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്​. രാജ്യത്തിന്​ പുറത്തേക്ക്​ കടക്കാനുള്ള ഏകമാർഗവും ഇതുതന്നെ.

തിരക്കേറിയ ബസ്​സ്റ്റാൻഡിനെ അനുസ്​മരിപ്പിക്കുന്നതാണ്​ വിമാനത്താവളത്തി​ലെ കാഴ്​ചകൾ. നിർത്തിയിട്ട വിമാനത്തി​ന്‍റെ മുൻവാതിലുമായി ബന്ധിപ്പിച്ച ഏണിപ്പടിയിൽ യാത്രക്കാർ അള്ളിപ്പിടിച്ചാണ്​ കയറുന്നത്​. നിരവധിപേർ വിമാനം തേടി റൺവേയിലൂടെ പരക്കം പായുന്നതും കാണാം. വിമാനത്താവളത്തിന്​ പുറത്ത്​ പ്രവേശനം കാത്ത്​ പതിനായിരങ്ങൾ നിൽക്കുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്​തു. സ്​ഥലത്ത്​ യു.എസ് സൈനികർ കാവൽ നിൽക്കുന്നുണ്ട്​. ജനക്കൂട്ടം ഇരച്ചുകയറിയതോടെയാണ്​ രാവിലെ ആകാശത്തേക്ക് വെടിവച്ചത്​.

അതിനിടെ, അഫ്​ഗാനിൽ കു​ടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഊർജിതമാക്കി. രണ്ട് വിമാനങ്ങൾ അടിയന്തരമായി സജ്ജമാക്കാൻ എയർ ഇന്ത്യക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. അടിയന്തര യാത്രക്ക് തയാറാകാനാണ് ജീവനക്കാർക്ക് ലഭിച്ച നിർദേശം. കാബൂളിൽ നിന്ന് ഡൽഹിയിേലക്കുള്ള വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുമെന്നാണ് റിപ്പോർട്ട്. നിലവിൽ എയർ ഇന്ത്യ മാത്രമാണ്​ അഫ്​ഗാനിലേക്ക്​ സർവീസ്​ നടത്തുന്നത്​.


താലിബാൻ സേന തലസ്​ഥാനമായ കാബൂളിൽ പ്രവേശിച്ച ഞായറാഴ്​ച വൈക​ുന്നേരം ത​ന്നെ 129 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക്​ എത്തിയിരുന്നു. തിങ്കളാഴ്​ചയും സർവീസ്​ നടത്തുമെന്നും ഡൽഹി-കാബൂൾ-ഡൽഹി സർവീസ്​ നിർത്തിവെക്കാൻ പദ്ധതിയില്ലെന്നും അധികൃതർ അറിയിച്ചിരുന്നു.

ഞായറാഴ്​ച ഉച്ചക്ക്​ ശേഷം 40 യാത്രക്കാരുമായാണ്​ എയർ ഇന്ത്യ AI-243 വിമാനം കാബൂളിലേക്ക്​ പറന്നത്​. ഇന്ത്യൻ സമയം ഉച്ചക്ക്​ 12.45ന്​ ഡൽഹിയിൽ നിന്ന്​ പുറപ്പെട്ട വിമാനത്തിന്​ കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങാൻ ഒരു മണിക്കുർ വൈകിയാണ്​ എയർ ട്രാഫിക്​ കൺട്രോളി​ന്‍റെ അനുമതി ലഭിച്ചത്. സ്​ഥിതിഗതികൾ സൂഷ്​മമായി നിരീക്ഷിച്ചു വരികയാണെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.

തലസ്​ഥാന നഗരമായ കാബൂളും നിയന്ത്രണത്തിലാതോടെ​ യുദ്ധം നിർത്തിയതായി താലിബാൻ പ്രഖ്യാപിച്ചിരുന്നു. യു.എസ്​ തണലിൽ ഇതുവരെയും അധികാരം നിലനിർത്തിയ ഔ​േദ്യാഗിക സർക്കാർ ഇല്ലാതായതു കണക്കിലെടുത്ത്​ കാബൂളിലുണ്ടായിരുന്ന വിദേശനയ​തന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കൽ തുടരുകയാണ്​. ബൈഡൻ ഭരണകൂടം ഇതിനായി 1,000 യു.എസ്​ സൈനികരെ അധികമായി വിന്യസിച്ചു​. ഇതോടെ അഫ്​ഗാനിലെ യു.എസ്​ സൈനികരുടെ എണ്ണം വീണ്ടും 6,000 ആയി ഉയർന്നു.

എംബസികളിൽനിന്ന്​ മുതിർന്ന ഉദ്യോഗസ്​ഥരെ ഹെലികോപ്​റ്ററുകളിൽ വിമാനത്താവളത്തിലെത്തിച്ച്​​ കുടിയൊഴിപ്പിക്കൽ തുടരുകയാണ്​​. ആദ്യദിനം 500 പേരെ ഒഴിപ്പിച്ച അമേരിക്ക ഇത്​ 5,000 ആയി ഉയർത്തുമെന്ന്​ അറിയിച്ചിട്ടുണ്ട്​. യു.എസ്​ അംബാസഡർ റോസ്​ വിൽസണും മടങ്ങിയവരിൽ പെടും. യു.എസ്​ എംബസിയിലെ അമേരിക്കൻ പതാക താഴ്​ത്തി കെട്ടിട സമുച്ചയത്തിൽനിന്ന്​ പൂർണമായി നീക്കി. മറ്റു പാശ്​ചാത്യ രാജ്യങ്ങളുടെ പ്രതിനിധികളും രാജ്യം വിട്ടിട്ടുണ്ട്​. അഫ്​ഗാൻ പൗരന്മാരും കൂട്ടമായി രാജ്യം വിടുകയാണ്​.

പ്രസിഡന്‍റ്​ അശ്​റഫ്​ ഗനി ഞായറാഴ്ച രാജ്യം വിട്ടിരുന്നു. സംഘർഷമൊഴിവാക്കാനാണ്​ താൻ അഫ്​ഗാനിൽനിന്ന്​ നാടുകടന്നതെന്നാണ്​ വിശദീകരണമെങ്കിലും ഉദ്യോഗസ്​ഥ തലത്തിൽ ഇതിനെതിരെ വിമർശനം ശക്​തമാണ്​. രാജ്യത്തെ സംഘർഷത്തിലേക്ക്​ തള്ളിവിട്ട്​ ഗനി സുരക്ഷിത കേന്ദ്രം തേടി പോകുകയായിരുന്നുവെന്ന്​ മുതിർന്ന ഉദ്യോഗസ്​ഥർ കുറ്റപ്പെടുത്തി.

പ്രസിഡന്‍റിന്‍റെ കൊട്ടാരം പിടിച്ച താലിബാൻ അവിടം ഔദ്യോഗിക സർക്കാറിന്‍റെ പതാക നീക്കി പകരം തങ്ങളുടെ കൊടി ഉയർത്തിയിട്ടുണ്ട്​. ഭരണം മാറിയ രാജ്യ​ത്ത്​ പുതിയ സർക്കാർ ഉടൻ അധികാരമേറുമെന്നാണ്​ താലിബാൻ അവകാശവാദം.

Tags:    
News Summary - Video: Hundreds Jostle To Board Plane - Desperate Scenes At Kabul Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.