വാഷിങ്ടൺ: ഒന്നിനുപിറകെ ഒന്നായി എത്തുന്ന ചുഴലിക്കൊടുങ്കാറ്റുകളിൽ മഹാഭീതിയിലാഴ്ന്ന് അമേരിക്ക. കാറ്റഗറി നാലിൽ പെട്ട ഐഡ ചുഴലിക്കാറ്റാണ് ഏറ്റവുമവസാനം അടിച്ചുവീശിയത്. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചക്ക് 12.55 ഓടെ 230 കിലോമീറ്റർ വേഗത്തിൽ ലൂസിയാന സംസ്ഥാനത്തെ ഫോർച്ചോൺ തുറമുഖത്ത് തീരം തൊട്ട 'ഐഡ' പ്രധാന പട്ടണമായ ന്യൂ ഓർലിയൻസിൽ വൈദ്യുതി സമ്പൂർണമായി താറുമാറാക്കി. ഏഴു ലക്ഷത്തോളം പേർക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായി അധികൃതർ പറഞ്ഞു. ലൂസിയാനയിലും മിസിസിപ്പിയിലും നാലു മുതൽ ഏഴുവരെ അടി ജലനിരപ്പുയർന്നു. മരങ്ങൾ കടപുഴകി. കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് അമേരിക്കയെ വിറപ്പിച്ച കത്രീന ചുഴലിക്കൊടുങ്കാറ്റിന്‍റെ അതേ ഭീകരതയോടെയാണ് ഐഡ എത്തിയത്. 16 വർഷം മുമ്പ് കത്രീന മഹാദുരന്തമായി എത്തിയ അതേ തീയതിയിൽ, അന്ന് തീരംതൊട്ടതിന് 72 കിലോമീറ്റർ പടിഞ്ഞാറായാണ് ഐഡ എത്തിയത്. ഇതു പിന്നീട് ശക്തി കുറഞ്ഞ് കാറ്റഗറി മൂന്നിേലക്ക് മാറിയെങ്കിലും അപകടം ഒഴിവായില്ലെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനൊപ്പം കനത്തുപെയ്ത മഴയും ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.
രക്ഷാ ദൗത്യം വേഗത്തിലാക്കാൻ അടിയന്തര നടപടികൾക്ക് പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശം നൽകി. ലൂസിയാന, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് ആശങ്ക ഏറ്റവും കൂടുതൽ. ഇരു സംസ്ഥാനങ്ങളിലുമായി 10 ലക്ഷത്തോളം പേർക്ക് മാറിത്താമസിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.