തെഹ്റാൻ: അസർബൈജാൻ അതിർത്തിയിൽ ആറാസ് പുഴയിലെ അണക്കെട്ടും മറ്റു പദ്ധതികളും ഉദ്ഘാടനത്തിനുശേഷം തബ്രീസിൽ അടുത്ത ചടങ്ങിലേക്ക് പുറപ്പെട്ട പ്രസിഡന്റും മറ്റു പ്രമുഖരും ഒന്നിച്ചുകയറിയ ഹെലികോപ്ടറിന് ചെറിയ പ്രശ്നങ്ങളെന്നേ ആദ്യ വാർത്തകൾ പറഞ്ഞിരുന്നുള്ളൂ. മിനിറ്റുകൾ മണിക്കൂറുകളായി കാത്തിരിപ്പ് രാത്രി വൈകിയും നീണ്ടെങ്കിലും സൂചനകൾ വൻദുരന്തത്തിലേക്ക് മാറുന്നത് തിങ്കളാഴ്ച രാവിലെയോടെ.
70ലേറെ രക്ഷാപ്രവർത്തക സംഘങ്ങൾ തകൃതിയിൽ പരിശോധന തുടരുന്നതിനിടെ പ്രത്യേകം സഹായത്തിനു വിളിച്ച തുർക്കിയയുടെ അകിൻസി ഡ്രോൺ ആദ്യ സൂചനകൾ നൽകി. താഴെനിന്നുയർന്ന ചൂട് പിടിച്ചെടുത്ത ഡ്രോൺ തകർന്ന കോപ്ടറിന്റെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞതായി ഇറാൻ അധികൃതരെ അറിയിക്കുകയായിരുന്നു.
പ്രസിഡന്റ് റഈസിയുടെ ജന്മനാടായ മശ്ഹദിലും പ്രധാന ശിയ ആത്മീയ കേന്ദ്രമായ ഖുമ്മിലും പ്രാർഥനയുമായെത്തിയ ആയിരങ്ങളുടെ ഹൃദയം തകർത്ത് ഒടുവിൽ സ്ഥിരീകരണമെത്തി. ‘‘പ്രസിഡന്റ് റഈസി സഞ്ചരിച്ച ഹെലികോപ്ടർ പൂർണമായി തകർന്നു. നിർഭാഗ്യവശാൽ, എല്ലാ യാത്രക്കാരും കൊല്ലപ്പെട്ടിരിക്കുന്നു’’. പിന്നീടെല്ലാം തകൃതിയായിരുന്നു. എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയതായും രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായും ഇറാൻ റെഡ്ക്രസന്റിന്റെ അറിയിപ്പ് വന്നു.
മൃതദേഹങ്ങൾ തബ്രീസിലേക്ക് മാറ്റാൻ നടപടികൾ ആരംഭിച്ചു. അഞ്ചുദിവസം ദുഃഖാചരണം പ്രഖ്യാപിച്ച രാജ്യത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിന് താൽക്കാലിക ചുമതല നൽകി. അലി ബാഖിരി കനിക്ക് വിദേശകാര്യ മന്ത്രി പദവിയും. ഇറാൻ ഭരണത്തിലെ ഏറ്റവും പ്രമുഖരായ രണ്ടുപേരും കൂടെ മറ്റുള്ളവരും ഒന്നിച്ച് മടങ്ങിയെന്ന വാർത്ത അക്ഷരാർഥത്തിൽ ഇറാൻ ജനതയെ കണ്ണീരിലാഴ്ത്താൻ പോന്നതായിരുന്നു.
ഇറാൻ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈയുടെ പിൻഗാമിയാകാൻ സാധ്യത കൽപിക്കപ്പെട്ടിരുന്ന അദ്ദേഹം തന്റെ നിലപാടുകളുടെ പേരിൽ ഏറെ ജനപ്രീതി നേടിയിരുന്നു.
സമീപകാലത്ത് ഖാസിം സുലൈമാനിയും മുഹമ്മദ് റിസ സഹേദിയും വിദേശകരങ്ങളാൽ കൊല്ലപ്പെട്ടപ്പോൾ ഉണർന്നതിലേറെ തീവ്രമാണിപ്പോൾ രാജ്യത്ത് നടുക്കവും വേദനയും. അദ്ദേഹത്തോളം പോന്ന പിൻഗാമികളാരെന്ന ചോദ്യവും രാജ്യത്തിനു മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.