തെഹ്റാൻ: ഇബ്രാഹിം റഈസിയുടെ വിയോഗത്തോടെ ഇറാന് നഷ്ടമാകുന്നത് ജനകീയനും അന്തർദേശീയ തലത്തിൽ തന്നെ സ്വാധീനം ചെലുത്തിയ മികവ് തെളിയിച്ചതുമായ നേതാവിനെ. സൗദിയുമായി പതിറ്റാണ്ടുകൾ നീണ്ട വൈരം പറഞ്ഞുതീർത്തതാണ് അദ്ദേഹത്തിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാന നേട്ടം. പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഗതി തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള നീക്കമായിരുന്നു ഇത്.
യമനിലെ ആഭ്യന്തര സംഘർഷം നിലക്കാനും ഇത് വഴിയൊരുക്കി. മറ്റു ഗൾഫ് രാജ്യങ്ങളും സൗദിയുടെ വഴിയേ ഇറാനുമായി നല്ല ബന്ധത്തിന് തയാറായി.
പശ്ചിമേഷ്യയിൽ അമേരിക്കയുടെ സ്വാധീനം കുറഞ്ഞ് രാഷ്ട്രീയ സമവാക്യം മാറുന്നതാണ് പിന്നീട് കണ്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 62 ശതമാനം വോട്ട് നേടി വിജയിച്ച റഈസി പിന്നീട് അനിഷേധ്യ നേതാവായ വളരുന്നതാണ് കണ്ടത്.
രാജ്യത്തെ 30 പ്രവിശ്യകളിലും കൃത്യമായ ഇടവേളകളിൽ അദ്ദേഹം സന്ദർശനം നടത്തി. വർഷത്തിലൊരിക്കലെങ്കിലും എല്ലായിടത്തും എത്തണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. പ്രാദേശിക ഭരണകൂടങ്ങളുമായും സാധാരണക്കാരുമായും ആശയവിനിമയം നടത്താൻ ഈ അവസരം അദ്ദേഹം ഉപയോഗിച്ചു. ഉറച്ച നിലപാടും ശക്തമായ നടപടികളും സ്വീകരിക്കുമ്പോഴും വിനയത്തോടെയായിരുന്നു താഴെത്തട്ടിലെ ഇടപെടൽ.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ പിൻഗാമിയായി വരെ അദ്ദേഹത്തിന്റെ പേര് ഉയർന്നു. ചൈനയോടും ഇന്ത്യയോടും ഒരേസമയം മികച്ച ബന്ധം പുലർത്തുന്ന നയതന്ത്ര ചാതുരിയാണ് റഈസിയുടെയും വിദേശകാര്യ മന്ത്രി ഹുസൈർ അമീർ അബ്ദുല്ലഹിയാന്റെയും നേതൃത്വത്തിൽ ശീഇ രാഷ്ട്രം കാണിച്ചത്.
പാശ്ചാത്യൻ രാഷ്ട്രങ്ങളുമായി ശീതയുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യയുമായും ചൈനയുമായും തുർക്കിയയുമായും കൂടുതൽ അടുത്ത് കരുത്തുറപ്പിക്കുന്നതായിരുന്നു സമീപനം.
ഫലസ്തീൻ വിഷയത്തിൽ സ്വീകരിച്ച ഉറച്ച നിലപാടും ഇസ്രായേലിനോട് പൊരുതുന്ന സായുധ വിഭാഗങ്ങൾക്ക് നൽകിയ പിന്തുണയും റഈസിയുടെ ജനപിന്തുണ വർധിപ്പിച്ചു.
ഇസ്രായേലുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ വക്കിലേക്ക് എത്തിയതും ഇസ്രായേലിൽ നടത്തിയ ആക്രമണവും ഇസ്രായേൽ വിരുദ്ധ പൊതുബോധമുള്ള അറബ് ലോകത്ത് റഈസിയുടെ നേതൃത്വത്തിലുള്ള ഇറാൻ ഭരണകൂടത്തോട് അനുഭാവം സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.