ഗസ്സയിൽ ഇസ്രായേൽ സൈനിക കമാൻഡറെ വധിച്ചു; ടാങ്കുകൾ തകർത്തു

ഗസ്സ: മുതിർന്ന ഇസ്രായേൽ സൈനിക കമാൻഡർ കേണൽ അഹ്സൻ ദക്സ ഗസ്സയിൽ കൊല്ലപ്പെട്ടു. 401ാം ബ്രിഗേഡ് കമാൻഡറായ അഹ്സൻ ദക്സ ജബാലിയയിലെ അഭയാർഥി ക്യാമ്പിന് സമീപം ടാങ്കിൽനിന്ന് പുറത്തിറങ്ങിയപ്പോൾ സ്ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടതിൽ ഏറ്റവും മുതിർന്ന സൈനികോദ്യോഗസ്ഥനാണ് അഹ്സൻ ദക്സ.

മറ്റൊരു കമാൻഡർക്കും രണ്ട് സൈനികർക്കും സംഭവത്തിൽ ഗുരുതര പരിക്കേറ്റതായും സൈനിക വക്താവ് ഡാനിയൽ ഹഗാരി അറിയിച്ചു. ഈ വർഷം ജൂണിലാണ് ദക്സ 401ാം ബ്രിഗേഡ് കമാൻഡറായത്. 2006ലെ രണ്ടാം ലബനാൻ യുദ്ധത്തിലും പങ്കെടുത്തിരുന്നു. ഗസ്സയിൽ ഏറ്റവും ക്രൂരമായ ഓപറേഷനുകൾക്ക് നേതൃത്വം നൽകിയത് ദക്സയുടെ നേതൃത്വത്തിൽ 401ാം ബ്രിഗേഡാണ്.

കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം ലക്ഷക്കണക്കിന് ഫലസ്തീനികൾ തിങ്ങിപ്പാർത്ത റഫയിലെ അഭയാർഥി ക്യാമ്പുകൾ ആക്രമിച്ച് കൂട്ടക്കുരുതി നടത്തുന്നതിൽ ഇവർ പ്രധാന പങ്കുവഹിച്ചിരുന്നു. ദക്സയുടെ മരണം ഇസ്രായേലിന് തീരാനഷ്ടമാണെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞു.

ഗസ്സ യുദ്ധത്തിൽ ഇതുവരെ 747 സൈനികർ കൊല്ലപ്പെട്ടതായും 4969 സൈനികർക്ക് പരിക്കേറ്റതായുമാണ് ഇസ്രായേൽ സ്ഥിരീകരിച്ചത്. എന്നാൽ, യഥാർഥ നാശം ഇതിനെക്കാൾ ഏറെ അധികമാണെന്ന റിപ്പോർട്ടുകളുമുണ്ട്.

അതേസമയം, ഗസ്സയിൽ ഇസ്രായേൽ സൈന്യം ക്രൂരമായ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 26 പേർ കൊല്ലപ്പെട്ടു. ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ 42,629 ആയി. 99,830 പേർക്ക് പരിക്കേറ്റു. മരുന്നും അവശ്യവസ്തുക്കളും കടത്തിവിടാതെ ഇസ്രായേൽ ഗസ്സ നിവാസികളെ പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിക്കുകയാണ്. 

Tags:    
News Summary - IDF commander Col. Ehsan Daxa killed in northern Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.