ഇന്ത്യക്കുമേൽ തീരുവ ചുമത്തുന്നത് വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്ന് യു.എസ് കോൺഗ്രസ് അംഗം സുഹാസ് സുബ്രഹ്മണ്യം

വാഷിംങ്ടൺ: ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തിന് വഴിയൊരുക്കുമെന്നതിനാൽ ഇന്ത്യക്കുമേൽ തീരുവ ചുമത്തുന്നതിനെ എതിർക്കുന്നുവെന്ന് യു.എസ് കോൺഗ്രസ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സുഹാസ് സുബ്രഹ്മണ്യം. പുതിയ ട്രംപ് ഭരണകൂടം ഇന്ത്യയിൽനിന്നുള്ള കയറ്റുമതിക്ക് കൂടുതൽ താരിഫ് ഏർപ്പെടുത്താനുള്ള സാധ്യതക്കിടയിലാണ് സുബ്രഹ്മണ്യത്തി​ന്‍റെ അഭിപ്രായ പ്രകടനം.

ഇന്ത്യക്ക് തീരുവ ചുമത്തുന്നതിനെ ഞാൻ പിന്തുണക്കുന്നില്ല. അത് ശരിക്കും മോശമായിരിക്കുമെന്ന് കരുതുന്നു. അതൊരു വ്യാപാര യുദ്ധത്തിലേക്ക് നയിക്കും. ഇരു രാജ്യങ്ങൾക്കും നല്ലതാണെന്ന് കരുതുന്നില്ല - പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സുബ്രഹ്മണ്യം പറഞ്ഞു.

യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ട്രംപ് ഇന്ത്യയുടെ താരിഫ് ഘടനയെ പരിഹസിക്കുകയും ചൈനയെയും ഇന്ത്യയെയും പോലുള്ള രാജ്യങ്ങൾക്ക് പരസ്പര നികുതി ചുമത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ട്രംപ് അമേരിക്കൻ പ്രസിഡന്‍റായി ചുമതലയേൽക്കാനൊരുങ്ങുന്നതോടെ ഇന്ത്യൻ കയറ്റുമതിക്ക് കൂടുതൽ തീരുവ ചുമത്താനാണ് സാധ്യത.

മികച്ച തൊഴിൽശേഷിയു​ള്ള ധാരാളം ഇന്ത്യൻ വ്യവസായങ്ങൾ ഉണ്ട്. നിരവധി ഇന്ത്യൻ കമ്പനികൾ യു.എസിലേക്ക് വികസിക്കുന്നു. അതിനാൽ നമ്മുടെ രാജ്യങ്ങൾ സാമ്പത്തികമായി എത്രത്തോളം ഒരുമിച്ച് പ്രവർത്തിക്കുന്നുവോ അത്രത്തോളം നമ്മൾ ശക്തരാകും. ഉദാഹരണത്തിന് ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ്. യു.എസ്-ഇന്ത്യ ബന്ധം ഇരു രാജ്യങ്ങൾക്കും വളരെ പ്രധാനമാണെന്നും സുബ്രഹ്മണ്യം പറഞ്ഞു.

യു.എസിലെ കുടിയേറ്റ നയത്തി​ന്‍റെ നവീകരണത്തിനായും അദ്ദേഹം വാദിച്ചു. കുടിയേറ്റത്തെക്കുറിച്ച് ധാരാളമായി കേൾക്കുന്നു. പ്രത്യേകിച്ച് എച്ച്-1 ബി വിസയിലുള്ള ആളുകൾ പൗരത്വത്തിനും ഗ്രീൻ കാർഡ് നേടുന്നതിനും ശ്രമിക്കുന്നു. യു.എസിൽ ഒരു സമഗ്ര കുടിയേറ്റ നയം ആവശ്യമാണ്. നിയമപരമായ കുടിയേറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ കുറിച്ചും ധാരാളം കേൾക്കുന്നു. നമ്മുടെ അതിർത്തി സുരക്ഷിതമാക്കുന്നതിനെ തീർച്ചയായും പിന്തുണക്കുന്നു. എന്നാൽ, ആ വിഷയത്തിലും കൂടുതൽ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൻതോതിലുള്ള ഫെഡറൽ ജോലികൾ വെട്ടിക്കുറക്കാനുള്ള വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തി​ന്‍റെ ഏത് നീക്കത്തെയും താൻ എതിർക്കുമെന്നും ഫെഡറൽ തൊഴിൽശേഷിയുടെ ചാമ്പ്യനാകാൻ ആഗ്രഹിക്കുന്നുവെന്നും സുബ്രഹ്മണ്യം പറഞ്ഞു. അമേരിക്കയുടെ വിദേശനയം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ജനപ്രതിനിധി സഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറെടുക്കുന്ന സുബ്രഹ്മണ്യം ലോകമെമ്പാടും ജനാധിപത്യം പ്രോത്സാഹിപ്പിക്കാനും താനാഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി.

യു.എസ് ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആറാമത്തെ ഇന്തോ-അമേരിക്കക്കാരനാണ് 38 കാരനായ സുബ്രഹ്മണ്യം. ‘സമോസ കോക്കസ്’ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ അമേരിക്കക്കാരായ ഡോ. അമി ബേര, പ്രമീള ജയപാൽ, രാജാ കൃഷ്ണമൂർത്തി, റോ ഖന്ന, ശ്രീ താനേദർ എന്നിവർക്കൊപ്പം അദ്ദേഹവും ചേരുന്നു. വിർജീനിയയിലെ 10ാമത് കോൺഗ്രസ് ഡിസ്ട്രിക്റ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഈസ്റ്റ് കോസ്റ്റിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ-അമേരിക്കനുമാണ്.

Tags:    
News Summary - Imposing tariffs on India will lead to trade war, says Congressman-elect Suhas Subramanyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.