ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഞായറാഴ്ച പാർലമെന്‍റിൽ വോട്ടെടുപ്പ് നടക്കും. 342 അംഗ ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാൻ സർക്കാറിന് 172 അംഗങ്ങളുടെ പിന്തുണ വേണം. ഇംറാന്റെ തെഹ്‍രീകെ ഇൻസാഫ് പാർട്ടിക്ക് (പി.ടി.ഐ) 155 അംഗങ്ങളാണുള്ളത്.
പി.ടി.ഐയിൽതന്നെ ഇംറാനോട് എതിർപ്പുള്ളവരുണ്ട്. ഇതിൽ ചിലർ കൂറുമാറുമെന്ന അഭ്യൂഹം ശക്തമാണ്. ഏഴ് അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്മെന്‍റ് -പാകിസ്താൻ (എം.ക്യു.എം -പി), നാല് അംഗങ്ങളുള്ള ബാലൂചിസ്ഥാൻ അവാമി പാർട്ടി, ഒരു അംഗമുള്ള പി.എം.എൽ -ക്യൂ എന്നിവ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് ഇംറാന്‍റെ നില പരുങ്ങലിലായത്.
ദേശീയ അസംബ്ലിയിൽ 175 അംഗങ്ങളുടെ പിന്തുള്ള ഉണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു. അതിനിടെ, അവിശ്വാസ പ്രമേയ വോട്ടെട്ടുപ്പ് നടക്കുമ്പോൾ ജനങ്ങളോട് തെരുവിലിറങ്ങി സമാധാനത്തോടെ പ്രതിഷേധിക്കാൻ ഇംറാൻ ആഹ്വാനം ചെയ്തു. തന്നെ പുറത്താക്കാൻ വിദേശശക്തികളുമായി ചേർന്ന് പ്രതിപക്ഷം ഗൂഢാലോചന നടത്തുകയാണെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു.
സ്വതന്ത്ര പാക്കിസ്ഥാനുവേണ്ടി നിങ്ങൾ എല്ലാവരും പ്രതിഷേധിക്കണമെന്ന് ഇംറാൻ അഭ്യർഥിച്ചു. നേരത്തെ, പ്രതിപക്ഷം അമേരിക്കയുമായി ചേർന്ന് തന്നെ പുറത്താക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് ഇംറാൻ ആരോപിച്ചിരുന്നു. പാകിസ്താനിൽ ഒരു പ്രധാനമന്ത്രി പോലും കാലാവധി പൂർത്തിയാക്കിയിട്ടില്ല. അവിശ്വാസ പ്രമേയം നേരിടുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഇംറാൻ ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.