വാഷിങ്ടൺ: കാലിഫോർണിയയിലെ വോട്ടെണ്ണൽ വൈകിയതിൽ പ്രതികരണവുമായി ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. 19 ദിവസമായിട്ടും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാത്തതിലാണ് മസ്കിന്റെ പ്രതികരണം. 640 മില്യൺ വോട്ടുകൾ ഒറ്റ ദിവസത്തിൽ തന്നെ ഇന്ത്യയിൽ എണ്ണിയെന്നും യു.എസിൽ ഇപ്പോഴും തെരഞ്ഞെടുപ്പ് പ്രക്രിയ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കൗണ്ടിങ്ങിനെ സംബന്ധിക്കുന്ന പോസ്റ്റ് ഷെയർ ചെയ്താണ് മസ്കിന്റെ പ്രതികരണം. ഇമോജിയോട് കൂടിയാണ് മസ്കിന്റെ പോസ്റ്റ്. കാലിഫോർണിയയിലെ 98 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞുവെങ്കിലും ഫലപ്രഖ്യാപനം വൈകുകയാണ്. 58.6 ശതമാനം വോട്ടുകൾ നേടി കമല ഹാരിസാണ് കാലിഫോർണിയയിൽ വിജയിച്ചതെന്നാണ് സൂചന. റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിന് 38.2 ശതമാനം വോട്ടുകളാണ് നേടിയിരിക്കുന്നത്.
ചരിത്രപരമായ തിരുച്ചുവരവിലൂടെയാണ് ഡോണൾഡ് ട്രംപ് വീണ്ടും അധികാരം നിലനിർത്തിയത്. ട്രംപിന്റെ പ്രചാരണത്തിൽ ഉൾപ്പടെ നിർണായക പങ്ക് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് വഹിച്ചിരുന്നു. നേരത്തെ വോട്ടിങ് യന്ത്രങ്ങൾക്കെതിരെ ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു.
ഇവിഎമ്മുകൾ അനായാസം ഹാക്ക് ചെയ്യാൻ സാധിക്കുന്നവയാണെന്നും സുരക്ഷിതമല്ലെന്നും മസ്‌ക് വിശദീകരിച്ചിരുന്നു. താനൊരു ടെക്‌നോളജിസ്റ്റ് ആയതിനാൽ കമ്പ്യൂട്ടറുകളെ കുറിച്ച് നന്നായി അറിയാം. കമ്പ്യൂട്ടർ പ്രോഗ്രാമുകളെ വിശ്വസിക്കാനാവില്ല.
അവ ഹാക്ക് ചെയ്യാൻ വളരെ അനായാസം സാധിക്കും. അതിനായി ഒരു ചെറിയ കോഡ് ചേർത്താൽ മതിയാകും. എന്നാൽ ബാലറ്റ് പേപ്പറുകൾ ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്നും മസ്‌ക് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.