ധാക്ക: ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന വിഷയത്തിൽ ഇന്ത്യൻ സർക്കാറിന് ഇരട്ടത്താപ്പെന്ന വിമർശനവുമായി ബംഗ്ലാദേശ് ഇടക്കാല സർക്കാറിലെ നിയമകാര്യ ഉപദേഷ്ടാവ് ആസിഫ് നസ്റുൽ രംഗത്ത്. ന്യൂനപക്ഷ മുസ്‌ലിംകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ ഇന്ത്യൻ സർക്കാറിന് പ്രശ്നമല്ല. അതിൽ ഇടപെടാതെ ബംഗ്ലാദേശിലെ കാര്യങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തുകയാണെന്നും നസ്റുൽ പറഞ്ഞു. ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റു ചെയ്ത സംഭവത്തിൽ ഇന്ത്യ ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് പ്രതികരണം.
“ഇന്ത്യയിൽ ന്യൂനപക്ഷ മുസ്‌ലിംകൾക്കു നേരെ രൂക്ഷമായ അതിക്രമങ്ങൾ നടന്നുവരുന്നുണ്ട്. ആ സംഭവങ്ങളിലൊന്നും ഇന്ത്യക്ക് യാതൊരു കുഴപ്പവുമില്ല. എന്നാൽ ബംഗ്ലാദേശിൽ ന്യൂനപക്ഷ ഹിന്ദുക്കൾ അതിക്രമം നേരിടുന്നുവെന്ന് പറയുന്നു. ഇന്ത്യൻ സർക്കാറിന്റെ ഈ ഇരട്ടത്താപ്പ് അപലപനീയവും എതിർക്കപ്പെടേണ്ടതുമാണ്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ മുമ്പുണ്ടായിരുന്ന അവാമി ലീഗ് സർക്കാറിനേക്കാൾ മികച്ചതാണ് ഇടക്കാല സർക്കാറെന്ന് സർവേഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു” -ആസിഫ് നസ്റുൽ പറഞ്ഞു.
ബംഗ്ലാദേശിനെതിരെ ഇന്ത്യൻ മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഇടക്കാല സർക്കാറിന്റെ തലവൻ മുഹമ്മദ് യൂനുസ് വിമർശിച്ചു. ‘ഇന്ത്യൻ മാധ്യമങ്ങൾ അവർക്ക് തോന്നിയതു പോലെ വാർത്തകൾ വളച്ചൊടിക്കുന്നു. ഇതിനെതിരെ ബംഗ്ലാദേശി മാധ്യമപ്രവർത്തകർ അണിനിരക്കണം. മികച്ച മാധ്യമപ്രവർത്തകർ ഇവിടെയുമുണ്ട്’. ഇന്ത്യൻ സർക്കാർ അനാവശ്യമായി ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവന്ന് ആരോപിച്ച് ധാക്ക സർവകലാശാലയിൽ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെയാണ് പ്രതികരണം. വിദ്യാർഥി പ്രക്ഷോഭത്തിനിടെ ആഗസ്റ്റിൽ രാജ്യംവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരികെ എത്തിക്കാൻ ഇന്ത്യ സഹകരിക്കണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.