രക്ഷപ്പെടുത്തിയ 32 മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശിന് കൈമാറി ഇന്ത്യൻ തീരസംരക്ഷണ സേന

ന്യൂഡൽഹി: ബോട്ട് മറിഞ്ഞതിനെ തുടർന്ന് കടലിൽ നിന്നും രക്ഷപ്പെടുത്തിയ 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശിന് കൈമാറി ഇന്ത്യൻ തീരസംരക്ഷണ സേന. കഴിഞ്ഞ ദിവസമാണ് തീരസംരക്ഷണ സേനയുടെ കപ്പലായ വിരാട് ബംഗ്ലാദേശ് തീരസംരക്ഷണസേനയുടെ കപ്പലായ താജുദ്ദീൻ (PL -72)ന് മത്സ്യത്തൊഴിലാളികളെ ഔപചാരികമായി കൈമാറിയത്. ഇന്ത്യ ബംഗ്ലാദേശ് അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചാണ് കൈമാറ്റം നടന്നത്.

ചുഴലിക്കാറ്റിൽ ബോട്ടുകൾ മറിഞ്ഞതിനെ തുടർന്ന് 24 മണിക്കൂറോളം കടലിൽ കുടുങ്ങിയ ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളെ കഴിഞ്ഞ മാസമാണ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയത്. 27പേരെ ആഴക്കടലിൽ നിന്ന് തീരസംരക്ഷണ സേനയും അഞ്ച് പേരെ ആഴം കുറഞ്ഞ മേഖലയിൽ നിന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുമാണ് രക്ഷിച്ചത്.

ഇത്തരം രക്ഷാപ്രവർത്തനങ്ങൾ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് വിലപ്പെട്ട ജീവൻ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യൻ തീരസംരക്ഷണ സേനയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അയൽരാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും തീരസംരക്ഷണ സേന ഉദ്യോഗസ്ഥൻ പറഞ്ഞു. 

Tags:    
News Summary - Indian Coast Guard Hands Over 32 Rescued Fishermen To Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.