കാബൂൾ: അഫ്ഗാനിസ്താനിൽനിന്ന് യു.എസ്- നാറ്റോ സൈനിക പിന്മാറ്റം പൂർത്തിയാകാനിരിക്കെ താലിബാൻ അതിവേഗം രാജ്യം പിടിക്കുന്ന സാഹചര്യം മുൻനിർത്തി നയതന്ത്ര ഉദ്യോഗസ്ഥരെ കൂട്ടമായി പിൻവലിച്ച് ഇന്ത്യ. താലിബാൻ നിയന്ത്രണത്തിലേക്ക് നീങ്ങുന്ന കാണ്ഡഹാർ നഗരത്തിലെ ഇന്ത്യൻ കോൺസുലേറ്റിൽനിന്നാണ് 50 പേരെ വ്യോമസേന വിമാനം അയച്ച് അടിയന്തരമായി ഒഴിപ്പിച്ചത്. പട്ടണത്തിന്‍റെ പ്രധാന ഭാഗങ്ങളൊക്കെയും ഇതിനകം താലിബാൻ നിയന്ത്രണത്തിലായിട്ടുണ്ട്. എന്നാൽ, കോൺസുലേറ്റ് അടക്കാൻ നിലവിൽ തീരുമാനമില്ല. കാബൂൾ, മസാറെ ശരീഫ് എന്നിവിടങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളും അടക്കില്ല. രാജ്യത്തെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യൻ ഉദ്യോഗസ്ഥരുടെയും പൗരന്മാരുടെയും സുരക്ഷക്ക് മുന്തിയ പരിഗണന നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച ഒഴിപ്പിക്കുന്നതിന് മുന്നോടിയായി കാണ്ഡഹാർ കോൺസുലേറ്റ് താത്കാലികമായി ഒഴിപ്പിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥർ, ജീവനക്കാർ, സുരക്ഷാ ജീവനക്കാർ എന്നിവരെയാണ് ന്യൂഡൽഹിയിലേക്ക് കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.