റഷ്യക്കു വേണ്ടി എയ്‌റോസ്‌പേസ് സ്​പെയർപാർട്സുകൾ വാങ്ങിയ ഇന്ത്യക്കാരന്‍ യു.എസില്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: റഷ്യക്കു വേണ്ടി എയ്‌റോസ്‌പേസ് സ്​പെയർപാർട്സുകൾ വാങ്ങിയ ഇന്ത്യന്‍ പൗരന്‍ യു.എസില്‍ അറസ്റ്റില്‍. കയറ്റുമതി നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച് റഷ്യന്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടി എയ്‌റോസ്‌പേസ് ഭാഗങ്ങള്‍ വാങ്ങിയെന്ന കുറ്റത്തിനാണ് ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂഡല്‍ഹി ആസ്ഥാനമായുള്ള അരെസോ ഏവിയേഷൻ മാനേജിങ് പാര്‍ട്ണറായ സഞ്ജയ് കൗശികിനെ ഒക്ടോബര്‍ 17ന് മിയാമിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. എയര്‍ ചാര്‍ട്ടറുകള്‍, എയര്‍ ആംബുലന്‍സുകള്‍, എയര്‍ ക്രാഫ്റ്റ് സ്‌പെയര്‍പാര്‍ട്‌സ്, ലൂബ്രിക്കന്റുകള്‍ എന്നിവയുടെ വിതരണം നിർവഹിക്കുന്ന സ്ഥാപനമാണ് അരെസോ ഏവിയേഷന്‍.

റഷ്യയിലെ സ്ഥാപനങ്ങള്‍ക്കായി അമേരിക്കയില്‍ നിന്ന് വ്യോമയാന ഭാഗങ്ങളും സാങ്കേതിക വിദ്യയും നിയമവിരുദ്ധമായി നേടിയെടുത്ത അനധികൃത ശൃംഖലയുടെ ഭാഗമാണ് കൗശികെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു.

അറസ്റ്റിലായ കൗശിക് ഒറിഗോണ്‍ ജയിലില്‍ തടവിലാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇയാൾക്ക് 20 വര്‍ഷം വരെ തടവും 10 ലക്ഷം യു.എസ് ഡോളര്‍ പിഴയും ചുമത്തും. കോടതി രേഖകള്‍ പ്രകാരം കൗശിക് വിമാനത്തിന്റെ ഭാഗങ്ങളും ഘടകങ്ങളും യു.എസില്‍ നിന്ന് റഷ്യയിലേക്കും തിരിച്ചും കയറ്റുമതി ചെയ്തു. ഇയാളുടെ സാമ്പത്തിക കൈമാറ്റങ്ങളടക്കം കൂടുതൽ അന്വേഷണം നടത്തിവരികയാണ്. 

Tags:    
News Summary - Indian man arrested in US for buying aerospace spare parts for Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.