കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുന്നതിനിടെ ഇന്ത്യൻ ഉദ്യോഗസ്ഥന് മർദനം. ഇന്ത്യ വിസ സെന്റർ ഡയറക്ടർ വിവേക് വർമക്കാണ് മർദനത്തിൽ പരിക്കേറ്റത്. കൊളംബോയിൽവെച്ച് കഴിഞ്ഞദിവസം രാത്രി വിവേക് വർമയെ ഒരു പ്രകോപനവും കൂടാതെ മർദിക്കുകയായിരുന്നുവെന്നും ഇദ്ദേഹവുമായി രാവിലെ കൂടിക്കാഴ്ച നടത്തിയെന്നും ഹൈകമീഷൻ ട്വീറ്റ് ചെയ്തു.
ഇതേത്തുടർന്ന് ശ്രീലങ്കയിൽ തുടരുന്ന ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാൻ ഇന്ത്യൻ ഹൈകമീഷൻ നിർദേശം നൽകി. കൂടാതെ വിഷയം ശ്രീലങ്കൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതായും അവർ അറിയിച്ചു.
''നിലവിലെ സാഹചര്യത്തിൽ ശ്രീലങ്കയിലെ ഇന്ത്യൻ പൗരന്മാരോട് ഏറ്റവും പുതിയ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാനും അതിനനുസരിച്ച് യുക്തിസഹമായി പ്രവർത്തിക്കാനും അഭ്യർഥിക്കുന്നു. ആവശ്യങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാം'' -ഹൈകമീഷൻ ട്വീറ്റിലൂടെ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മാസങ്ങളായി വൻ പ്രക്ഷോഭങ്ങൾക്കാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്. ബുധനാഴ്ച നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി കാവൽ പ്രസിഡന്റ് റനിൽ വിക്രമസിംഗെ തിങ്കളാഴ്ച രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.