ന്യൂഡൽഹി: ഭക്ഷണവും വെള്ളവുമില്ലാതെ ഇന്ത്യയിലേക്കുള്ള ഇൻഡിഗോ വിമാനയാത്രികർ തുർക്കിയിൽ കുടുങ്ങി കിടക്കുന്നു. 400ഓളം യാത്രികരാണ് തുർക്കിയിൽ കുടുങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറായി ഇവർ ഇസ്താംബുൾ വിമാനത്താവളത്തിൽ തുടരുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ യാത്രികർ പ്രതിഷേധമറിയിച്ചതോടെയാണ് വിമാനത്താവളത്തിൽ കുടുങ്ങിയ വിവരം പുറത്തറിഞ്ഞത്.
ഇസ്താംബുള്ളിൽ നിന്നും ഡൽഹിയിലേക്കും മുംബൈയിലേക്കുമുള്ള വിമാനങ്ങളാണ് വൈകിയത്. സെപ്റ്റംബർ 12ന് രാത്രി എട്ടരക്കാണ് ഡൽഹിയിലേക്കുള്ള വിമാനം ഇസ്താംബുൾ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ പിറ്റേന്ന് ഉച്ചക്ക് ഒന്നര കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇൻഡിഗോ ജീവനക്കാരിൽ നിന്നും ഒരു പിന്തുണയും ലഭിച്ചില്ലെന്നാണ് യാത്രികർ പറയുന്നത്.
വിമാനം മണിക്കൂറുകൾ വൈകിയിട്ടും ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകാൻ വിമാന കമ്പനി തയാറായില്ലെന്ന് യാത്രക്കാരിലൊരാൾ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ കുറ്റപ്പെടുത്തി. വിമാനകമ്പനിയുടെ ഇത്തരം സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും യാത്രക്കാർ വ്യക്തമാക്കി.
8.15ന് പുറപ്പെടേണ്ട വിമാനം പിറ്റേദിവസം 11 മണിയായിട്ടും യാത്രതിരിച്ചിട്ടില്ല. വിമാനയാത്രികർക്ക് ലോഞ്ച് ഉൾപ്പടെയുള്ള സൗകര്യങ്ങൾ നൽകുമെന്ന് വിമാന കമ്പനി അറിയിച്ചിരുന്നു. എന്നാൽ, ഇസ്താംബുൾ എയർപോർട്ടിലെ ലോഞ്ചിൽ തിരക്ക് കൂടിയതിനാൽ ഇതും യാഥാർഥ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.