തെഹ്റാൻ: സിറിയയിൽ മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദിന്റെ പതനത്തിന് പിന്നിൽ ഇസ്രായേലും യു.എസുമാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനൗ. തെഹ്റാനിൽ വെച്ച് നടത്തിയ പ്രസംഗത്തിലാണ് ഖാംനൗവിന്റെ പരാമർശം. സിറിയയിൽ എന്ത് സംഭവിച്ചുവെന്നതിന് ഒരു സംശയവുമില്ല. അമേരിക്കയുടേയും സിയോണിസത്തിന്റേയും സംയുക്ത പദ്ധതിയാണ് അതെന്ന് അദ്ദേഹം പറഞ്ഞു.
അസദിന്റെ വീഴ്ചക്ക് പിന്നിൽ അയൽരാജ്യത്തെ സർക്കാറിനും പങ്കുണ്ട്. എന്നാൽ, ഏത് രാജ്യമാണെന്ന് പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഖാംനൗ വ്യക്തമാക്കി. സിറിയയുടെ സുസ്ഥിരതക്ക് ഭീഷണിയുണ്ടെന്ന് ഇറാൻ രഹസ്യാന്വേഷണ വിഭാഗം മൂന്ന് മാസം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ശത്രുവിനെ സിറിയ അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസദിന്റെ വീഴ്ചക്ക് പിന്നിൽ യു.എസും ഇസ്രായേലുമാണെന്നതിന് തന്റെ കൈവശം തെളിവുകളുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ യാതൊരു സംശയത്തിനും വകയില്ല. ഇസ്രായേലിൽ നിന്നും ആക്രമണമുണ്ടാവുമ്പോൾ ഡമാസ്കസിൽ നടക്കുന്ന ആഘോഷങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിറിയയിലെ യുവത്വം കരുത്തരോടെ നിന്ന് പ്രതിസന്ധിയെ മറികടക്കണം. ഇറാന്റെ ഭാവിയെ സംബന്ധിച്ചും ഖാംനൗ പ്രതികരണം നടത്തി. കൂടുതൽ സമ്മർദ്ദം നിങ്ങൾ ചെലുത്തിയാൽ ഞങ്ങൾ കൂടുതൽ കരുത്തരാകുമെന്നായിരുന്നു ഇറാന്റെ ഭാവി സംബന്ധിച്ച് ഖാംനൗവിന്റെ പരോക്ഷ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.