ബഗ്ദാദ്: ഇറാഖി യൂട്യൂബ് താരത്തെ പിതാവ് കൊലെപ്പടുത്തി. 22കാരിയായ തിബ അലിയെയാണ് കുടുംബത്തിന്റെ ഒത്താശയോടെ പിതാവ് കഴുത്തുഞെരിച്ച് കൊന്നത്. തുടർന്ന് പൊലീസിൽ ഹാജരായി ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇറാഖിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
വർഷങ്ങളായി കുടുംബത്തിൽനിന്ന് അകന്ന് തുർക്കിയിൽ കഴിയുകയായിരുന്ന തിബ അലി അറേബ്യൻ ഗൾഫ് കപ്പിനായി ഇറാഖിലെത്തിയതായിരുന്നു. മാതാവിന്റെ നിർബന്ധത്തെ തുടർന്നാണ് തിബ തുർക്കിയിൽനിന്ന് ഇറാഖിലെത്തുന്നത്. ദിവസങ്ങൾക്കുമുൻപ് ബഗ്ദാദിലെത്തിയ പെൺകുട്ടി കുടുംബത്തിന്റെ സമ്മർദത്തിൽ ദിവാനിയ്യയിലേക്ക് തിരിക്കുകയായിരുന്നു. ഇവിടെയുള്ള വീട്ടിൽ രാത്രി ഉറങ്ങുന്നതിനിടെയാണ് കുടുംബത്തിന്റെ അറിവോടെ പിതാവ് കൃത്യം നിർവഹിച്ചതെന്നാണ് പൊലീസ് പറയുന്നത്.
യൂട്യൂബിൽ നിരവധി ഫോളോവർമാരുള്ള വ്‌ളോഗറാണ് തിബ അലി. വർഷങ്ങൾക്കുമുൻപ് കുടുംബത്തോടൊപ്പമാണ് തിബ തുർക്കിയിലെത്തുന്നത്. ഇവിടെവച്ച് സിറിയൻ വംശജനായ യുവാവുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് കുടുംബം എതിരുനിന്നതോടെയാണ് ഇവർ തമ്മിലുള്ള തർക്കം തുടങ്ങുന്നതെന്ന് 'അൽജസീറ' റിപ്പോർട്ട് ചെയ്തു. കുടുംബം പിന്നീട് നാട്ടിലേക്ക് മടങ്ങിയെങ്കിലും കൂടെപ്പോകാൻ തിബ കൂട്ടാക്കിയില്ല.
ഇതിനുമുൻപും പലതവണ തിബയ്ക്ക് കുടുംബത്തിൽനിന്ന് ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം, യുവതി തന്നെ പലപ്പോഴും ഇൻസ്റ്റഗ്രാമിലടക്കം പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയപ്പോഴും പ്രത്യേക സുരക്ഷയൊരുക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്നിരുന്നു.
കൊലപാതകത്തിൽ വൻ പ്രതിഷേധമാണ് വിവിധ തുറകളിൽനിന്ന് ഉയരുന്നത്. കുടുംബത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് ഇറാഖി മനുഷ്യാവകാശ സംഘടനയായ ഇസെൻ ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. സംഭവത്തെ ആംനെസ്റ്റി ഇറാഖ് അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.