ഖാൻ യൂനിസിലെ 5.15 ലക്ഷം പേർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ; ആശുപത്രികൾ വളഞ്ഞ് സൈന്യം

ഗസ്സ: അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ഗസ്സയി​ലെ ഖാൻ യൂനിസിൽ കൂട്ട കുടിയൊഴിപ്പിക്കലുമായി ഇസ്രായേൽ. 5.15 ലക്ഷം പേരോട് ഉടൻ ഒഴിഞ്ഞുപോകണ​മെന്ന് അധിനിവേശ സേന ആവശ്യപ്പെട്ടു. നഗരത്തിലെ ആശുപത്രികൾ വളഞ്ഞ സൈന്യം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം തുടരുകയാണ്.

ഖാൻ യൂനിസിലെ നാസർ, അൽ അമൽ, അൽ അഖ്‌സ എന്നീ ആശുപത്രികൾക്ക് സമീപമാണ് ഇസ്രായേൽ കനത്ത ബോംബാക്രമണം നടത്തുന്നത്. ഖാൻ യൂനിസിലെ 4 ചതുരശ്ര കിലോമീറ്ററിലധികം വരുന്ന സ്ഥലത്ത് താമസിക്കുന്ന ഏകദേശം 90,000 പ്രദേശവാസികളോടും 4,25,000 അഭയാർഥികളോടും ഉടൻ പോകണമെന്നാണ് ഇസ്രായേൽ സൈന്യം ഉത്തരവിട്ടത്. ഇവിടെ വ്യാപക നശീകരണം നടത്തുന്നതിന്റെ മുന്നോടിയായാണ് ഈ നീക്കമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുദ്ധത്തിൽ വീടുനഷ്ടപ്പെട്ട ആളുകൾക്കായി ഐക്യരാഷ്ട്ര സഭ നടത്തുന്ന 24 അഭയാർഥി ക്യാമ്പുകൾ, ഗസ്സയിൽ ഇപ്പോഴും ഭാഗികമായി പ്രവർത്തിക്കുന്ന 15 ആശുപത്രികളിൽ മൂന്നെണ്ണം, മൂന്ന് ക്ലിനിക്കുകൾ എന്നിവക്കും ​കുടിയൊഴിഞ്ഞുപോകാൻ അറിയിപ്പ് നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച ഖാൻ യൂനിസിന്റെ പടിഞ്ഞാറുള്ള അൽ ഖീർ ഹോസ്പിറ്റലിൽ ഇരച്ചുകയറിയ ഇസ്രായേൽ സൈന്യം ജീവനക്കാരെ പിടിച്ചുകൊണ്ടുപോവുകയും ആശുപത്രിയിൽ അഭയം തേടിയവരെ തെക്കൻ ഗസ്സയിലേക്ക് തുരത്തുകയും ചെയ്തു.

അതേസമയം, 24 മണിക്കൂറിനിടെ 200 ഫലസ്തീനികൾ കൂടി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. 354 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം നടന്ന ഹമാസ് ആക്രമണത്തിൽ 24 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 219 ആയി. 

Tags:    
News Summary - Israel orders massive area in Khan Younis emptied of people; city’s hospitals surrounded: UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.