ഗസ്സ: ഖത്തർ തലസ്ഥാനമായ ദോഹയിൽ സമാധാന കരാറിന് ധാരണയാകുമ്പോൾ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സയുടെ തെരുവുകളിൽ ഫലസ്തീൻകാർ ആഹ്ലാദാരവം മുഴക്കുകയായിരുന്നു. ചൂളമടിച്ചും കൈകൊട്ടിയും ദൈവത്തിന് സ്തുതി പറഞ്ഞും നൂറുകണക്കിനാളുകൾ തെരുവുകളിലിറങ്ങി. വീടുകളിൽ നിന്ന് ഒഴിഞ്ഞു പോകാൻ നിർബന്ധിതരായി അഭയാർഥി ക്യാമ്പുകളിൽ കഴിയുകയാണ് ഇവരിൽ പലരും.
‘‘എനിക്ക് സന്തോഷമായി. ഞാൻ കരയുകയാണ്. പക്ഷേ, ഇത് ആനന്ദക്കണ്ണീരാണ്’’ -അഞ്ച് മക്കളുടെ മാതാവായ സ്ത്രീ പറഞ്ഞു. ഗസ്സ സിറ്റിയിൽനിന്ന് ഒഴിഞ്ഞുപോകേണ്ടിവന്ന ഇവർ ഇപ്പോൾ ദൈർ അൽബലഹിലാണ് ഇപ്പോഴുള്ളത്. പുതിയൊരു ജന്മം കിട്ടിയതുപോലെയാണ് ഇപ്പോൾ തോന്നുന്നതെന്നും അവർ പറഞ്ഞു.
അതേസമയം, വീടുകളിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന ഗസ്സ നിവാസികൾക്ക് അധികൃതർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കനത്ത ബോംബാക്രമണം നടന്ന പ്രദേശങ്ങളിൽനിന്നും തകർക്കപ്പെട്ട വീടുകളിൽനിന്നും അകന്നുനിൽക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. പൊട്ടാതെ അവശേഷിക്കുന്ന ബോംബുകൾ കരുതിയിരിക്കണമെന്നും വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ഹമാസ് ബന്ദികളാക്കിയവരിൽ എല്ലാവരെയും ഉടൻ തന്നെ തിരിച്ചെത്തിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. കരാർ പൂർണമായി നടപ്പായേക്കില്ലെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.
അതേസമയം, ഹമാസും ഇസ്രായേലും വെടിനിർത്തൽ കരാർ അംഗീകരിച്ചതായി അന്താരാഷ്ട്ര വാർത്ത ഏജൻസികളാണ് റിപ്പോർട്ട് ചെയ്തത്. ബന്ദിമോചനവും വെടിനർത്തലും സാധ്യമാക്കുന്ന കാരറിലെത്തിയതായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്. കരാറിന് സംഘടന അംഗീകാരം നൽകിയതായി ഹമാസ് വക്താവ് അറിയിച്ചു. തുടർനടപടികളുടെ ഭാഗമായി ഇസ്രായേൽ സുരക്ഷ മന്ത്രിസഭ യോഗം ചേരുന്നുണ്ട്.
ആറാഴ്ച നീളുന്ന ആദ്യ ഘട്ട വെടിനിർത്തലാണ് ഉടനുണ്ടാകുക. ഗസ്സയിൽ നിന്ന് ഘട്ടംഘട്ടമായി സൈനിക പിൻമാറ്റവും ബന്ദികളുടെ കൈമാറ്റവും ഫലസ്തീനി തടവുകാരുടെ മോചനവും ഇതിന്റെ ഭാഗമായി നടപ്പാകും. മൂന്ന് ഘട്ടങ്ങളിലായാകും വെടിനിർത്തൽ.
ആദ്യ ഘട്ടത്തിൽ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിങ്ങനെ 33 ബന്ദികളെയാകും വിട്ടയക്കുക. പരിക്കേറ്റവർ, രോഗികൾ എന്നിവരെയും മോചിപ്പിക്കും. മൂന്ന് ബന്ദികൾ ഒന്നാം ദിവസം മോചിതരാകും. ഏഴാം നാൾ നാലു പേരും 14ാം ദിനത്തിൽ മൂന്നു പേരും പുറത്തെത്തും. 28, 35 ദിവസങ്ങളിൽ മൂന്നു പേർ വീതം മോചിതരാകും. കരാർ പ്രകാരം അവശേഷിച്ചവർ അവസാന ആഴ്ചയിലാകും പുറത്തെത്തുക. ഇസ്രായേൽ സേനാ പിന്മാറ്റവും അനുബന്ധമായി ആരംഭിക്കും. രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങൾ വെടിനിർത്തലിന്റെ 16ാം നാൾ ആരംഭിക്കും.
രണ്ടാം ഘട്ടത്തിൽ പട്ടാളക്കാർ, റിസർവ് സേനാംഗങ്ങൾ എന്നിവരാകും വിട്ടയക്കപ്പെടുക. പകരമായി ഫലസ്തീൻ തടവുകാരുടെ മോചനവും നടക്കും. 1,000 ഫലസ്തീൻ തടവുകാരെ വിട്ടയക്കാമെന്ന് സമ്മതിച്ചതിൽ 190 പേർ 15 വർഷമോ അതിലേറെയോ ജയിൽ ശിക്ഷ വിധിക്കപ്പെട്ടവരാണ്. ഇതേ ഘട്ടത്തിൽ വടക്കൻ ഗസ്സയിലേക്ക് മടക്കവും അനുവദിക്കും. 23 ലക്ഷം ജനസംഖ്യയുള്ള ഗസ്സയിൽ ഒരിക്കലെങ്കിലും പലായനം ചെയ്യാത്തവർ അത്യപൂർവമാകും.
ഗസ്സയുടെ പുനർനിർമാണമാണ് മൂന്നാം ഘട്ടത്തിൽ നടക്കുക. ഈ ഘട്ടത്തിലും ഇസ്രായേൽ സേന ഗസ്സയിൽ തുടരും. 2023 ഒക്ടോബറിൽ ഹമാസ് ആക്രമണത്തിൽ 251 ബന്ദികളെ പിടികൂടിയതിൽ 94 പേരാണ് ഇപ്പോഴും ഹമാസ് പിടിയിലുള്ളത്. ഇവരിൽ 60 ഓളം പേർ മാത്രമാണ് ജീവനോടെയെന്നാണ് അനുമാനം. ബന്ദികളുടെ മോചനത്തിന് പകരമായി 1,000 ഫലസ്തീനികളെ ഇസ്രായേൽ വിട്ടയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.