വാഷിങ്ടൺ: ഗസ്സയിലും ലബനാനിലും സിറിയയിലും നടത്തിയതിന് സമാനമായ പൂർണ സൈനിക നീക്കം യമനിലും നടത്താൻ യു.എന്നിൽ വാദമുയർത്തി ഇസ്രായേൽ. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികളെ ഇല്ലാതാക്കാനെന്ന പേരിലാണ് പുതിയ നീക്കം. ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഇസ്രായേൽ ഉയർത്തിയിട്ടുണ്ട്. ട്രംപ് അധികാരമേൽക്കാനിരിക്കെ മേഖലയിൽ കടുത്ത സൈനിക നീക്കങ്ങൾക്ക് യു.എസ് പിന്തുണയും സഹായവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേൽ യമനിലും സൈനിക നീക്കത്തിന് ഒരുങ്ങുന്നത്. ഹമാസിന്റെയും ഹിസ്ബുല്ലയുടെയും സിറിയയിൽ ബശ്ശാറുൽ അസദിന്റെയും വിധി ഹൂതികൾക്കും വരുമെന്നാണ് ഭീഷണി.
ഇസ്രായേലിനുനേരെ ഹൂതികൾ നടത്തുന്ന ആക്രമണം ഇറാന്റെ പദ്ധതികളുടെ ഭാഗമാണെന്നും 120 കോടി ഡോളർ വാർഷിക ബജറ്റുള്ള സംഘടന സൂയസ് കനാൽ വഴി ചരക്കുകടത്ത് മുടക്കുകയാണെന്നും യു.എന്നിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനൺ പറഞ്ഞു. എന്നാൽ, ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച രക്ഷാ സമിതി അംഗങ്ങൾ യമനിലെ സിവിലിയന്മാർക്കുമേൽ ഇസ്രായേൽ നടത്തുന്ന ക്രൂരതകളെയും അപലപിച്ചു. വൈദ്യുതി നിലയങ്ങൾ, സൻആ വിമാനത്താവളത്തിലെ വ്യോമഗതാഗത കൺട്രോൾ ടവർ, തുറമുഖങ്ങൾ എന്നിവ ഇസ്രായേൽ ആക്രമിച്ചു തകർത്തിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസം ഇസ്രായേലിൽ ബെൻ ഗൂറിയൻ വിമാനത്താവളം, കിഴക്കൻ ജറൂസലമിലെ വൈദ്യുതി നിലയം എന്നിവക്കു നേരെ ഹൂതികൾ ആക്രമണം നടത്തി.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ ക്രൂരത തുടരുകയാണ്. അതിശൈത്യം വേട്ടയാടുന്ന ഗസ്സയിൽ ആവശ്യമായ പ്രതിരോധങ്ങളില്ലാത്ത ആറു കുട്ടികളടക്കം ഏഴുപേർ മരണത്തിന് കീഴടങ്ങി. 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഇതിലുണ്ട്. ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെട്ട് താൽക്കാലിക തമ്പുകളിൽ കഴിയുന്നവരെയാണ് അതിശൈത്യം മരണമുനയിൽ നിർത്തുന്നത്. ശക്തമായ മഴയും ഗസ്സയിൽ ജനജീവിതം നരകതുല്യമാക്കിയിട്ടുണ്ട്. വടക്കൻ ഗസ്സയിൽ പ്രവർത്തനം തുടർന്ന അവസാന ആശുപത്രിയായ കമാൽ അദ്‍വാൻ ഡയറക്ടർ ഡോ. ഹുസാം അബൂ സഫിയയെ പിടികൂടിയ ഇസ്രായേൽ കുപ്രസിദ്ധമായ സദി തീമാൻ തടവറയിലടച്ചതായി മകൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.