വെസ്റ്റ് ബാങ്കിൽ ഭീകര വ്യോമാക്രമണം: 18 പേർ കൊല്ല​പ്പെട്ടു; 20 വർഷത്തിനിടെ നടന്ന ഏറ്റവും വലിയ ആക്രമണം

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ തൂൽക്കർമ് അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ഭീകര വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. എഫ്-16 യുദ്ധവിമാനം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അഭയാർഥി ക്യാമ്പ് ഉദ്യോഗസ്ഥനായ ഫൈസൽ സലാമ എ.എഫ്‌.പി വാർത്താ ഏജൻസിയോട് പറഞ്ഞു.

2023 ഒക്ടോബറിൽ ഗസ്സയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചതുമുതൽ അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേലി സൈനിക ആക്രമണങ്ങൾ നടക്കു​ന്നുണ്ട്. എന്നാൽ, 20 വർഷത്തിനിടെ മേഖലയിൽ നടക്കുന്ന ആക്രമണങ്ങളിൽ ഏറ്റവും ഭീകരവും മാരകവുമായ വ്യോമാക്രമണമാണ് വെള്ളിയാഴ്ച പുലർച്ചെ നടന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഏറ്റവും ജനസാന്ദ്രതയുള്ള, ദരിദ്രരായ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പിൽ ആക്രമണം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ കണക്ക് പ്രകാരം 0.18 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയിലുള്ള ക്യാമ്പിൽ 21,000ത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ ഇവിടെയുള്ള ഒരു ജനവാസ കെട്ടിടം പൂർണമായും തകർന്ന് തരിപ്പണമായി. ഇതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരെയും പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. പരിക്കേറ്റവരാൽ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്.

ഹമാസ് നേതാവിനെ ലക്ഷ്യമിട്ടാണ് ഈ ആക്രമണമെന്നാണ് ഇസ്രായേൽ പറയുന്നത്. വെസ്റ്റ് ബാങ്കിലെ നബ്‍ലസിന് വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന തൂൽക്കർമ് ക്യാമ്പിലാണ് യുദ്ധവിമാനങ്ങൾ ബോംബ് വർഷിച്ചത്. പ്രദേശത്ത് വൻതോതിലുള്ള തീ പടരുന്നതി​ന്റെയും രക്ഷാപ്രവർത്തകർ പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനായി ഓടിയെത്തുന്നതന്റെയും ദൃശ്യങ്ങൾ അൽജസീറ പുറത്തുവിട്ടിട്ടുണ്ട്.

ഒക്ടോബർ 7 മുതൽ കഴിഞ്ഞമാസം അവസാനം വരെ വെസ്റ്റ് ബാങ്കിൽ 695 ഫലസ്തീനികളെയാണ് ഇസ്രായേൽ സേനയും അനധികൃത കുടയേറ്റക്കാരും കൊലപ്പെടുത്തിയത്. അഭയാർത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണം സിവിലിയൻമാർക്കെതിരായ ക്രൂരമായ കുറ്റകൃത്യമാണെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസി​ന്റെ വക്താവ് നബീൽ അബു റുദീന പറഞ്ഞു. 

Tags:    
News Summary - Israeli air attack on West Bank’s Tulkarem camp kills at least 18: Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.