ടെൽ അവീവ്: ഇസ്രായേലിൽ പ്രതിപക്ഷ നേതാവ് യായർ ലാപിഡിെൻറ നേതൃത്വത്തിൽ സഖ്യ സർക്കാർ രൂപീകരിക്കാൻ കരാറായി. എട്ട് പാർട്ടികളുടെ സഖ്യത്തിന് രൂപം നൽകിയതായി യെഷ് അതീദ് പാർട്ടി നേതാവ് യായർ ലാപിഡാണ് പ്രഖ്യാപിച്ചത്. മന്ത്രിസഭ രുപീകരിക്കാൻ പ്രസിഡന്‍റ് നൽകിയ സമയപരിധി ഇന്ന് അവസാനിരിക്കെയാണ് പ്രതിപക്ഷത്തിന്‍റെ നിർണായക നീക്കം വിജയം കണ്ടത്.
സഖ്യസർക്കാർ രൂപീകരണത്തെ കുറിച്ച് പ്രസിഡന്‍റ് റുവെൻ റിവ് ലിനെ ഔദ്യോഗികമായി അറിയിച്ചതായി ലാപിഡ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ സർക്കാർ ഇസ്രായേലിലെ എല്ലാ പൗരന്മാർക്കും വോട്ട് ചെയ്തവർക്കും അല്ലാത്തവർക്കുമായി പ്രവർത്തിക്കും. ഇസ്രായേൽ സമൂഹത്തെ ഒന്നിപ്പിക്കാൻ അത് എല്ലാം ചെയ്യുമെന്നും ലാപിഡ് കൂട്ടിച്ചേർത്തു.
പുതിയ സർക്കാർ രൂപീകരിക്കാൻ ധാരണയിലെത്തിയ ലാപിഡിനെയും മറ്റ് പാർട്ടി നേതാക്കളെയും പ്രസിഡന്‍റ് അഭിനന്ദിച്ചു. എത്രയും വേഗം പാർലമെന്‍റ് ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും റുവെൻ റിവ് ലിൻ ട്വീറ്റ് ചെയ്തു.
പ്രതിപക്ഷ നേതാവും യെഷ് അതീദ് പാർട്ടി നേതാവ് യായർ ലാപിഡ്, തീവ്ര വലതുപക്ഷ കക്ഷിയായ 'യമീന'യുടെ നേതാവ് നാഫ്റ്റലി ബെനറ്റ്, അറബ് ഇസ് ലാമിറ്റ് റാം പാർട്ടി നേതാവ് മൻസൂർ അബ്ബാസ്, ന്യൂ ഹോപ്പ് പാർട്ടി ഗിഡിയോൻ ഷാർ, ഇസ്രായേൽ ഔർ ഹോം പാർട്ടി നേതാവ് എവിഗ്ദോർ ലിബെർമാൻ, നിറ്റ്സാൻ ഹോറോവിറ്റ്സ്, ഇസ്രായേൽ റെസിലിയൻസ് പാർട്ടി നേതാവ് ബെന്നി ഗാന്‍റസ്, ഇസ്രായേൽ ലേബർ പാർട്ടി മിറാവ് മിഷേലി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
ഇസ്രായേലിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തെ 21 ശതമാനം പലസ്തീൻ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു അറബ് പാർട്ടി സഖ്യ സർക്കാറിന്‍റെ ഭാഗമാകുന്നത്. നെതന്യാഹുവിന്‍റെ സഖ്യകക്ഷി സർക്കാറിൽ പ്രതിരോധ മന്ത്രിയായിരുന്ന നാഫ്റ്റലി ബെനറ്റി പുതിയ ധാരണപ്രകാരം ആദ്യ രണ്ടു വർഷം പ്രധാനമന്ത്രിയാകും. തുടർന്ന് ലാപിഡിന് അധികാരം കൈമാറും.
120 അംഗ സഭയിൽ മന്ത്രിസഭ രൂപവത്കരണത്തിന് 61 അംഗങ്ങളുടെ പിന്തുണ വേണം. ബെനറ്റിന്‍റെ യമീന പാർട്ടിക്ക് ആറു സീറ്റുണ്ട്. പുതിയ സർക്കാർ പാർലമെന്‍റ് ചേർന്ന് ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. ഇത് ഏഴു മുതൽ 12 ദിവസത്തിനുള്ളിൽ നടക്കും. പ്രതിപക്ഷ സർക്കാർ രൂപീകരണത്തോടെ ഇസ്രായേലിൽ 12 വർഷം ഭരണത്തിലിരുന്ന ബിൻയമിൻ നെതന്യാഹു പുറത്താകും.
രണ്ടു വർഷത്തിനിടെ നാലു തെരഞ്ഞെടുപ്പുകളെയാണ് ഇസ്രായേൽ ജനത അഭിമുഖീകരിച്ചത്. 2019 ഏപ്രിൽ, സെപ്റ്റംബർ, 2020 മാർച്ച് മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേതുടർന്ന് പ്രധാനമന്ത്രി നെതന്യാഹു തന്റെ രാഷ്ട്രീയ എതിരാളിയും ഇസ്രായേൽ റെസിലിയൻസ് പാർട്ടി നേതാവുമായ ബെന്നി ഗാന്‍റസുമായി ചേർന്ന് സഖ്യസർക്കാറിന് രൂപം നൽകിയിരുന്നു.
എന്നാൽ, അഭിപ്രായ ഭിന്നതയിൽ ബജറ്റ് പാസാക്കാൻ സാധിക്കാത്തതിനെ തുടർന്ന് നെതന്യാഹുവിന്‍റെ സഖ്യ സർക്കാർ നിലംപതിച്ചു. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് ബെന്നി ഗാന്റ്സ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 2021 ബജറ്റ് ഇപ്പോൾ വേണ്ടെന്ന നിലപാട് നെതന്യാഹു സ്വീകരിച്ചതോടെയാണ് സർക്കാറിന്‍റെ തകർച്ചക്ക് വഴിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.