തെൽ അവീവ്: ഗസ്സയിൽ നിലക്കാത്ത കൂട്ടക്കൊലക്കിടെ വെടിനിർത്തലിനും ബന്ദി മോചനത്തിനും നടപടികൾ സ്വീകരിക്കാൻ വിസമ്മതിക്കുന്ന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് സൈനിക ജോലി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് 130ഓളം സൈനികർ.
വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ച് ബന്ദികളെ വിട്ടയക്കാൻ സന്നദ്ധമാകുന്നില്ലെങ്കിൽ ജോലിയിൽ തുടരില്ലെന്നാണ് ഇസ്രായേൽ മന്ത്രിസഭയെയും സൈനിക മേധാവിയെയും അഭിസംബോധന ചെയ്ത് സൈനികർ കൂട്ടമായി ഒപ്പുവെച്ച കത്ത് നൽകിയത്. ‘‘ഗസ്സ യുദ്ധം ബന്ദികളുടെ മടക്കം വൈകിപ്പിക്കുമെന്ന് മാത്രമല്ല, അവരുടെ മോചനം അപായപ്പെടുത്തുകയും ചെയ്യും. ഇനിയും കരാറിലെത്തുന്നില്ലെങ്കിൽ ജോലിയിൽ തുടരില്ല’’ -കത്തിൽ പറയുന്നു.
അതിനിടെ, വടക്കൻ ഗസ്സയിൽ ദിവസങ്ങൾക്കിടെ നാലു ലക്ഷം ഫലസ്തീനികളെ വീണ്ടും കുടിയൊഴിപ്പിച്ചു. വടക്കൻ ഗസ്സയെ വാസയോഗ്യമല്ലാതാക്കി സമ്പൂർണ അധിനിവേശം നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ കുടിയൊഴിപ്പിക്കലെന്നാണ് സൂചന. ഇവിടെ ആക്രമണങ്ങളിൽ ഇതിനകം 17 ഫലസ്തീനികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആശുപത്രികൾ പൂർണമായി ഒഴിയണമെന്ന് ഇസ്രായേൽ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ജബാലിയ അഭയാർഥി ക്യാമ്പിൽ കനത്ത ആക്രമണം തുടരുകയാണ്. പുറത്തിറങ്ങുന്നവർക്ക് നേരെ വെടിവെപ്പും ബോംബിങ്ങും നടക്കുന്നതിനാൽ പുറത്തിറങ്ങാനും ജനം ഭയക്കുന്നുണ്ട്. ഒരു വർഷം പിന്നിട്ട അധിനിവേശത്തിനിടെ മൂന്നാം തവണയാണ് ക്യാമ്പ് ആക്രമിക്കപ്പെടുന്നത്. ഇവിടെ 24 മണിക്കൂറിനിടെ ഒമ്പത് പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും പെടും.
ശനിയാഴ്ച വീണ്ടും തുടങ്ങിയ സൈനിക നീക്കത്തെ തുടർന്ന് വടക്കൻ ഗസ്സയിലെ യു.എൻ കേന്ദ്രങ്ങൾ അടച്ചിട്ടു. അവശ്യവസ്തുക്കൾ വിൽപന നടത്തുന്ന കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിനൊപ്പം ഇന്ധനമടക്കം വസ്തുക്കൾ എത്തിക്കുന്നതും വിലക്കി. ബയ്ത് ലാഹിയയിലെ കമാൽ അദ്വാൻ ആശുപത്രിയിൽ ഇസ്രായേൽ സൈനിക ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനകം ആശുപത്രി സമ്പൂർണമായി ഒഴിയണമെന്നാണ് അന്ത്യശാസനം. ഗസ്സയിലെ ഏറ്റവും വലിയ ആതുരാലയമായിരുന്ന അൽശിഫ ആശുപത്രി കഴിഞ്ഞ ഏപ്രിലിൽ തകർത്തുതരിപ്പണമാക്കിയതിന് സമാനമായി കമാൽ അദ്വാൻ ആശുപത്രിയും തകർക്കുമെന്നാണ് ഭീഷണി.
23 ലക്ഷം ഫലസ്തീനികൾ താമസിച്ചുവന്ന കെട്ടിടങ്ങളിൽ മൂന്നിൽ രണ്ടും അതിലേറെയും ഇതിനകം തകർക്കപ്പെട്ടുകഴിഞ്ഞ ഗസ്സയിൽ മഹാഭൂരിപക്ഷവും താമസിക്കുന്നത് തമ്പുകളിലാണ്. 1948ലെ നക്ബയുടെ ഭാഗമായ കുടിയൊഴിപ്പിക്കൽ മുതൽ ഫലസ്തീനികൾ പലപ്പോഴായി തമ്പുകളിൽ താമസിച്ചിട്ടുണ്ടെങ്കിലും നിലവിൽ ഗസ്സയെ സമ്പൂർണമായി ചാരമാക്കി എല്ലാവരെയും പുറത്താക്കലാണ് ഇസ്രായേൽ ലക്ഷ്യം. എന്നാൽ, തങ്ങൾക്ക് മറ്റു രാജ്യങ്ങളിലേക്ക് പലായനത്തിന് താൽപര്യമില്ലെന്ന് മഹാഭൂരിപക്ഷവും പറയുന്നു. അതത് കാലത്ത് ഇസ്രായേൽ പുറന്തള്ളുന്നവരെ സ്വീകരിക്കുന്നതിന് പകരം അവർക്ക് സ്വന്തം നാട്ടിൽ താമസിക്കാൻ അവസരമൊരുക്കുകയാണ് വേണ്ടതെന്ന് അയൽരാജ്യങ്ങളും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. പലവട്ടം കുടിയൊഴിപ്പിച്ച് എന്നെങ്കിലും ഗസ്സ വിട്ടുപോകാൻ ഫലസ്തീനികളുടെ മനസ്സ് പാകപ്പെടുത്തിയെടുക്കലാണ് നിലവിൽ ഇസ്രായേൽ രീതി. 10ലേറെ തവണയെങ്കിലും അഭയം മാറിമാറിക്കയറിയവരാണ് നിലവിൽ ലക്ഷക്കണക്കിന് ഫലസ്തീനികൾ. 90 ശതമാനത്തിലേറെയും ഒരിക്കലെങ്കിലും നാടുവിട്ടവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.