ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ സൈന്യം നിഷ്കരുണം കൊന്നുതള്ളിയവരുടെ എണ്ണം 50,000 കടന്നു. 2023 ഒക്ടോബറിൽ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള കൂട്ടക്കൊലയിൽ ഇന്നലെ വരെ 50,021 പേർ കൊല്ലപ്പെട്ടതായാണ് ഗസ്സ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. 1,13,274 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണം രജിസ്റ്റർ ചെയ്തവരുടെ എണ്ണം മാത്രമാണിത്. രജിസ്റ്റർ ചെയ്യാത്ത മരണങ്ങൾ കൂടി കൂട്ടുമ്പോൾ ഇത് വർധിക്കും. കൊല്ലപ്പെട്ടവരിൽ 17,000ത്തോളം കുഞ്ഞുങ്ങളാണ്. 11,000 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ചയും ഇസ്രായേൽ കനത്ത ആക്രമണം തുടർന്നു. ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്സിലെ സർജിക്കൽ കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായി. ഹമാസ് നേതാവ് ഇസ്മായിൽ ബർഹും ഉൾപ്പെടെ രണ്ടുപേർ ഇവിടെ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരുമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ഖാൻ യൂനിസിലും റഫായിലുമായി ഇന്നലെ നടത്തിയ ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു.
ഒന്നാംഘട്ട വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ ഗസ്സക്ക് നേരെ ഇസ്രായേൽ വീണ്ടും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. രണ്ടാംഘട്ട വെടിനിർത്തലിലേക്ക് കടക്കാൻ ഇസ്രായേൽ തയാറായിട്ടില്ല. ഒന്നര വർഷമായി വംശഹത്യ തുടരുന്ന ഗസ്സയിൽ അധിനിവേശം പൂർണമാക്കി സൈനിക ഭരണം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ഇസ്രായേൽ. സഹായവിതരണം ഉൾപ്പെടെ ഏറ്റെടുത്ത് നിയന്ത്രണം സൈന്യം നേരിട്ട് നടത്തുന്ന പദ്ധതി യു.എസ് ഉന്നത നേതൃത്വവുമായി ചർച്ച ചെയ്യുമെന്ന് മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക് വാൾട്സ്, രഹസ്യാന്വേഷണ, പ്രതിരോധ, നയതന്ത്ര വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുമായി ഇസ്രായേൽ നയകാര്യ മന്ത്രി റോൺ ഡെർമറാണ് ചർച്ച നടത്തുക. ഇതിനായി ഞായറാഴ്ചയോടെ യു.എസിലേക്ക് തിരിച്ച ഡെർമർക്കൊപ്പം ഇസ്രായേൽ ദേശീയ സുരക്ഷ കൗൺസിൽ, ഐ.ഡി.എഫ്, മൊസാദ്, വിദേശകാര്യ മന്ത്രാലയം, ആണവോർജ ഏജൻസി എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ സംഘവുമുണ്ട്.
ഗസ്സയെ സൈനിക ഭരണത്തിലാക്കുന്ന തീരുമാനം ഇതുവരെ ഇസ്രായേൽ സ്വീകരിച്ചിരുന്നില്ല. എന്നാൽ, യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഭരണമേറിയതിനൊപ്പം ഇസ്രായേലിൽ പുതിയ സൈനിക മേധാവിയും പ്രതിരോധ മന്ത്രിയും ചുമതലയേറ്റതോടെയാണ് നിലപാട് മാറുന്നത്. പൂർണാർഥത്തിൽ ഗസ്സ വരുതിയിലാക്കാൻ അഞ്ച് ഐ.ഡി.എഫ് ഡിവിഷനുകൾ വേണ്ടിവരുമെന്നാണ് ഇസ്രായേൽ കണക്കുകൂട്ടൽ.
ട്രംപ് അധികാരമേറ്റയുടൻ ഗസ്സ അമേരിക്കൻ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ലോകം മുഴുക്കെ പ്രതിഷേധം ശക്തമായതിനൊപ്പം ട്രംപിന്റെ നീക്കത്തിന് ബദലായി അറബ് രാജ്യങ്ങൾ ഗസ്സ പുനർനിർമാണ പദ്ധതി അവതരിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇസ്രായേൽ നേരിട്ട് സമ്പൂർണ അധിനിവേശവും സൈനിക ഭരണവും നടപ്പാക്കാനൊരുങ്ങുന്നത്.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രണത്തിന് പിന്നാലെയാണ് നെതന്യാഹു യുദ്ധം പ്രഖ്യാപിച്ചത്. അന്ന് ഇസ്രായേലിൽ 1200ഓളം പേർ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗസ്സയിൽ അരലക്ഷത്തോളം ഫലസ്തീനികളെ കൊന്നൊടുക്കിയ വംശഹത്യ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്‍റെ അഭ്യർഥന ചെവികൊള്ളാൻ ഇസ്രായേൽ ഇനിയും തയാറായിട്ടില്ല. ഇതിനിടെ, ജനുവരി 19 മുതൽ മാർച്ച് 18 വരെ ഒന്നാംഘട്ട വെടിനിർത്തൽ നടപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.