ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ബെയ്റൂത്തിലെ കെട്ടിടങ്ങൾ

ഹിസ്ബുല്ലയുടെ മുഖ്യ ആസ്ഥാനത്ത് ബോംബിട്ട് ഇസ്രായേൽ; ആറ് കെട്ടിടങ്ങൾ നാമാവശേഷമായി

ബൈറൂത്: ലബനന്റെ തലസ്ഥാനമായ ബൈറൂത്തിനടുത്ത് ഹിസ്ബുല്ലയുടെ മുഖ്യ സൈനിക ആസ്ഥാനത്ത് ബോംബിട്ട് ഇസ്രായേൽ. ​വെള്ളിയാഴ്ച വൈകീട്ട് ദാഹിയ പട്ടണത്തിലുള്ള ജനവാസ മേഖലയിലായിരുന്നു അതിശക്തമായ വ്യോമാക്രമണം. എത്ര പേർ കൊല്ലപ്പെട്ടെന്ന വിവരം ലഭിച്ചിട്ടില്ല.


ആറ് കെട്ടിടങ്ങൾ പൂർണമായും നാമാവശേഷമായതായി ഹിസ്ബുല്ലയുടെ അൽ മനാർ ടി.വി അറിയിച്ചു. റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് അടിയിലുള്ള ഹിസ്ബുല്ലയുടെ മുഖ്യ ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സേനയുടെ വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.

ബൈറൂതിനെ പിടിച്ചുകുലുക്കി തുടർച്ചയായ സ്‌ഫോടന പരമ്പരകളാണുണ്ടായത്. സ്ഫോടനത്തെ തുടർന്ന് നഗരത്തിൽ നിന്ന് കനത്ത പുക ഉയർന്നു. തലസ്ഥാനത്തിന് പുറത്തുള്ള ബത്റൂൻ പട്ടണത്തിലും ബോംബിട്ടതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ബൈറൂത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ ഉത്തര മേഖലയിലുള്ള വീടുകളുടെ ജാലക വാതിലുകൾ ഇളകിയതായും റിപ്പോർട്ടുണ്ട്.

ഹമാസും ഹിസ്ബുല്ലയും കീഴടങ്ങുന്നത് വരെ ​ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ന്യൂയോർക്കിൽ നടക്കുന്ന യു.എൻ പൊതുസഭയിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ സംഭവങ്ങൾ. ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡറുടെ ഉൾപ്പെടെ മൃതദേഹങ്ങളുമായി ആയിരക്കണക്കിനാളുകൾ ചേർന്ന് നഗരത്തിൽ വിലാപയാത്ര നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം.


Tags:    
News Summary - Isreal's Massive strike on Hezbollah HQ in Beirut, lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.