ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു വിഭാഗത്തിൽ നിന്നുള്ള ആദ്യ ലഫ്റ്റനന്‍റ് കേണൽ ചുമതലയേറ്റു. സിന്ധ് പ്രവിശ്യയിലെ താർ ജില്ലയിൽ നിന്നുള്ള കെലാഷ് കുമാറാണ് ചുമതലയേറ്റത്. നിലവിൽ പാക് സേനയുടെ മെഡിക്കൽ വിഭാഗത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു. പാകിസ്താൻ കരസേനയുടെ മീഡിയ വിഭാഗമാണ് നിയമന വാർത്ത പുറത്തുവിട്ടത്.
രാജ്യത്ത് നിയമിക്കപ്പെട്ട ആദ്യ ഹിന്ദു ലഫ്റ്റനന്‍റ് കേണലാണ് കെലാഷ്. പാകിസ്താൻ മിലിട്ടറി അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കിയ കെലാഷിനെ മേജർ സ്ഥാനത്ത് നിന്നാണ് ലഫ്റ്റനന്‍റ് കേണൽ പദവിയിലേക്ക് ഉയർത്തിയത്. കെലാഷ് മിടുക്കനായ ഉദ്യോഗസ്ഥനായതിനാലാണ് നിയമനമെന്ന് അധികൃതർ പറഞ്ഞു.
പാകിസ്താൻ സൈന്യത്തിലെ ആദ്യ ന്യൂനപക്ഷ മേജർ എന്ന നേട്ടവും കെലാഷിനാണ്. 2019ലാണ് കെലാഷിന്‍റെ മേജർ പദവിയിലേക്ക് നിയമിച്ചത്. ജംഷോറോയിലെ എൽ.യു.എച്ച്.എം.എസിൽ നിന്നും എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ശേഷമാണ് കെലാഷ് പാക് സൈന്യത്തിൽ നിയമിതനാകുന്നത്. മെഡിക്കൽ വിഭാഗത്തിന്‍റെ മേധാവിയായി പ്രവർത്തിച്ചു. ബർമിംഗ്ഹാം യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്ന എമർജെൻസി മെഡിസിൻ റെസിഡൻസി പ്രോഗ്രാമിലേക്ക് നിയോഗിക്കപ്പെടുന്ന ആദ്യ ന്യൂനപക്ഷ ഓഫീസർ കൂടിയാണ് ഇദ്ദേഹം.
22,000 അടി ഉയരത്തിൽ കെ2 പർവതത്തിന് സമീപമുള്ള ബാൾട്ടോറോ സെക്ടറിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോസ്റ്റായ സാഡിലിൽ 36 ദിവസം ചെലവഴിച്ചതിന് തമഗ-ഇ-ദഫ (സിയാച്ചിൻ മെഡൽ) കെലാഷിന് ലഭിച്ചിട്ടുണ്ട്. ഭീകരതക്കെതിരായ പോരാട്ടത്തിന് തംഗ-ഇ-ബഖ, തംഗ-ഇ-അസം എന്നീ ബഹുമതികൾ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.