കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്ന് വസതിയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ. പണം പ്രതിഷേധക്കാർ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കണ്ടെത്തിയ പണം സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറിയതായി പറയപ്പെടുന്നുവെന്ന് ഡെയ്‍ലി മിറർ റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യങ്ങളിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചതായും ഡെയ്‍ലി മിററിന്റെ റിപ്പോർട്ടിൽ പറയുന്നു.
17.8 ദശലക്ഷം രൂപ എണ്ണിത്തിട്ടപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാർ അവകാശപ്പെടുന്നത്.
ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രസിഡന്റ് ഗോടബയ രാജപക്സയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മറ്റൊരു സംഘം പ്രതിഷേധക്കാർ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതി തീയിട്ടു.
അതേസമയം, പ്രസിഡന്റ് എവിടെയാണെന്നതിനെ കുറിച്ച് ആർക്കും വിവരമില്ല. പ്രസിഡന്റ് ബുധനാഴ്ച രാജിവെക്കുമെന്ന് സ്പീക്കർ മഹിന്ദ യപ അഭയ്‍വർധന ശനിയാഴ്ച അർധരരാത്രിയോടെ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.