ഗസ്സ സിറ്റി: ഭക്ഷണമടക്കം അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചും നിർദയം കൊന്നൊടുക്കിയും മഹാക്രൂരതകളുടെ വിളനിലമായി മാറിയ ഗസ്സയിലെ 23 ലക്ഷത്തോളം ഫലസ്തീനികൾ വെടിനിർത്തൽ പ്രതീക്ഷയിൽ. ലബനാനിൽ ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലെ വെടിനിർത്തൽ ചർച്ചകളിൽ ഗസ്സ നേരത്തേ വിഷയമായിരുന്നെങ്കിലും ഒപ്പുവെച്ച കരാറിൽ ഗസ്സയില്ല. രക്ഷാസമിതിയുടെ 2006ലെ 1701ാം പ്രമേയത്തിൽ ഗസ്സ വിഷയമല്ലെന്നത് വെച്ചായിരുന്നു ഫ്രാൻസും യു.എസും ചർച്ചകൾ കൊണ്ടുപോയത്.
എന്നാൽ, ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ അടിയന്തര പ്രാധാന്യത്തോടെ ആരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നു. തുർക്കി പ്രധാന മധ്യസ്ഥ റോളിലും ഈജിപ്ത്, ഖത്തർ രാജ്യങ്ങൾ പങ്കാളികളായും ആകും ചർച്ചകൾ. ഗസ്സയിൽ വെടിനിർത്താനും 100 ഓളം ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് തങ്ങൾ സന്നദ്ധമാണെന്ന് ഹമാസ് അറിയിച്ചു.
അതേസമയം, ലബനാനിൽ വെടിനിർത്തൽ നടപ്പായ ബുധനാഴ്ചയും ഗസ്സയിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം തുടർന്നു. വടക്കൻ ഗസ്സയിൽ കമാൽ അദ്വാൻ ആശുപത്രിയിലും ഗസ്സ സിറ്റിയിൽ അൽതബിൻ സ്കൂളിലും ബോംബിങ്ങിൽ നിരവധി പേർ കൊല്ലപ്പെട്ടു. മെഡിക്കൽ സേവനങ്ങളേറെയും നിലച്ചിട്ടും രോഗികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന കമാൽ അദ്വാൻ ആശുപത്രിയിൽ മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
ഗസ്സ സിറ്റിയിൽ അഭയാർഥികൾ താമസിച്ചുവന്ന സ്കൂളാണ് തകർക്കപ്പെട്ടത്. ഇവിടെ എട്ടുപേരും കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.