വാഷിങ്ടൺ: കാലിഫോർണിയയിലെ പാർക്കിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. വടക്കൻ കാലിഫോർണിയയിലെ ഡേവിസ് നഗരത്തിലെ സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന ആറടി ഉയരവും 294 കിലോ തൂക്കവുമുള്ള വെങ്കലത്തിൽ തീർത്ത പ്രതിമയാണ് തകർത്തത്.
പ്രതിമയുടെ കാലിന്‍റെ ഭാഗം മുറിച്ചുമാറ്റിയ നിലയിലും മുഖത്തിന്‍റെ ഒരു ഭാഗം തകർത്തനിലയിലുമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി 27ന് രാവിലെ പ്രതിമ തകർത്ത നിലയിൽ പാർക്കിലെ ജീവനക്കാരനാണ് ആദ്യം കാണുന്നത്. പാർക്കിൽനിന്ന് പ്രതിമ അധികൃതർ എടുത്തുമാറ്റി. സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിച്ചതായും പരിശോധന നടത്തുമെന്നും ഡേവിസ് സിറ്റി കൗൺസൽമാർ ലൂക്കാസ് ഫ്രറിച്സ് പറഞ്ഞു. പ്രതിമ തകർക്കാനുള്ള കാരണം വ്യക്തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഗാന്ധിയുടെ പ്രതിമ തകർത്തതിൽ ഇന്ത്യൻ വംശജർ ആശങ്ക പ്രകടിപ്പിച്ചു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഡേവിസ് നഗരത്തിനായി ഇന്ത്യൻ സർക്കാർ നൽകിയതാണ് ഗാന്ധിയുടെ പ്രതിമ. പ്രതിമ സ്ഥാപിക്കുന്നതിനെചൊല്ലി നിരവധി പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു. ഇതെല്ലാം അവഗണിച്ച് നാലുവർഷം മുമ്പാണ് പ്രതിമ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.