ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധങ്ങൾ മോശമായതിനു പിന്നാലെ കൂടുതൽ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് അഭ്യർഥിച്ച് മാലദ്വീപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും മാലദ്വീപ് മന്ത്രിമാർ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിനു പിന്നാലെ ദ്വീപിലേക്കുള്ള യാത്ര ഇന്ത്യൻ സഞ്ചാരികൾ വ്യാപകമായി റദ്ദാക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ചൈനയിൽ അഞ്ചു ദിവസത്തെ സന്ദർശനം നടത്തിവരുന്ന മുഹമ്മദ് മുഇസ്സു കൂടുതൽ സഞ്ചാരികളെ അയക്കാൻ അഭ്യർഥിച്ചത്. ചൈനയെ ഏറ്റവുമടുത്ത സഖ്യകക്ഷിയും വികസന പങ്കാളിയുമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മാലദ്വീപിന്‍റെ ചരിത്രത്തിലെതന്നെ സുപ്രധാനമായ അടിസ്ഥാന സൗകര്യ പദ്ധതികളാണ് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്‍റെ സഹകരണത്തോടെ മുന്നോട്ടുനീക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിനു മുമ്പ് ചൈനയായിരുന്നു മാലദ്വീപിന്‍റെ ഒന്നാം നമ്പർ വിപണി. ആ സ്ഥാനം തിരിച്ചു പിടിക്കാനുള്ള ശ്രമം ചൈന ഊർജിതപ്പെടുത്തണമെന്നാണ് തന്‍റെ അഭ്യർഥന -അദ്ദേഹം കൂട്ടിച്ചേർത്തു. സംയോജിത ടൂറിസം മേഖല വികസിപ്പിക്കുന്നതിന് അഞ്ചു കോടി ഡോളറിന്‍റെ പദ്ധതിയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽനിന്നാണ് മാലദ്വീപിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത്. രണ്ടു ലക്ഷത്തിൽപരം ടൂറിസ്റ്റുകളാണ് കഴിഞ്ഞവർഷം എത്തിയത്. റഷ്യയാണ് രണ്ടാമത്. മൂന്നാം സ്ഥാനം ചൈനക്കാണ്.
ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാൻ ഇസ്രായേൽ ഇന്ത്യക്ക് സഹകരണം വാഗ്ദാനം ചെയ്തിരുന്നു. അമേരിക്കയോട് ഇന്ത്യ കൂടുതൽ അടുത്തതിനാൽ മാലദ്വീപുമായി കൂടുതൽ അടുത്ത ബന്ധമുണ്ടാക്കാൻ ചൈനയും ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.