ഗസ്സ: ലോക ശ്രദ്ധ ലബനാനിലേക്കും ഇറാന്റെ മിസൈൽ ആക്രമണത്തിലേക്കും മാറിയ സാഹചര്യത്തിൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചു. ഗസ്സയിൽ 24 മണിക്കൂറിനിടെ, 99 ഫലസ്തീനികൾ കൊല്ലപ്പെടുകയും 169 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുവരെ 41,788 ഫലസ്തീനികളാണ് ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ടത്.
96,794 പേർക്ക് പരിക്കേറ്റു. ഗസ്സയിലെ നുസൈറാത്, ശാതി അഭയാർഥി ക്യാമ്പുകൾക്ക് നേരെ വീണ്ടും ആക്രമണം നടത്തി. ഗസ്സയിലെ ഹമാസ് സർക്കാർ മേധാവി റൂഹി മുഷ്തഹ, പോളിറ്റ് ബ്യൂറോ അംഗം സാമിഹ് അൽ സിറാജ്, കമാൻഡർ സമി ഔദിഹ് എന്നിവരെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. മൂന്നുമാസം മുമ്പ് ഇവരെ വ്യോമാക്രമണത്തിൽ വധിച്ചതായാണ് വ്യാഴാഴ്ച സമൂഹ മാധ്യമത്തിലൂടെ അവകാശപ്പെട്ടത്. റൂഹി മുഷ്തഹ ഹമാസ് മേധാവി യഹ്യ സിൻവാറിന്റെ വലംകൈ ആയിരുന്നെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് പറഞ്ഞു. അതിനിടെ, ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതായി യമനിലെ ഹൂതികൾ അവകാശപ്പെട്ടു.
ഗസ്സയിൽ രണ്ടാംഘട്ട പോളിയോ മരുന്ന് വിതരണം ആരംഭിക്കുന്നു
ഗസ്സ: ഗസ്സയിൽ രണ്ടാം ഘട്ട പോളിയോ തുള്ളിമരുന്ന് വിതരണ കാമ്പയിൻ ഈ ആഴ്ച ആരംഭിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഒക്ടോബറിൽ 6,40,000 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ഒന്നാംഘട്ട കാമ്പയിനിൽ പത്തുവയസ്സിൽ താഴെയുള്ള 90 ശതമാനം കുട്ടികൾക്കും പോളിയോ പ്രതിരോധ മരുന്ന് നൽകാൻ കഴിഞ്ഞിരുന്നു. യുദ്ധക്കെടുതികൾക്കിടെ ഗസ്സയിൽ ഏതാനും കുട്ടികളിൽ പോളിയോ ബാധ കണ്ടെത്തിയതോടെയാണ് പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് ലോകാരോഗ്യ സംഘടന പദ്ധതി തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.