ബ്രസ്സൽസ് / ന്യൂഡൽഹി: വായ്പാത്തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി ബെൽജിയത്തിൽ പിടിയിലായി. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,500 കോടി രൂപ തട്ടിയ വായ്പ കേസിലെ പ്രതിയായ മെഹുൽ ചോക്സിയെ ബെൽജിയം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശനിയാഴ്ചയായിരുന്നു അറസ്റ്റെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
മെഹുൽ ചോക്സിയെ പിടികൂടി നാടുകടത്തണമെന്ന ഇ.ഡി., സി.ബി.ഐ ഏജൻസികളുടെ ആവശ്യത്തെ തുടർന്നാണ് ബെൽജിയം പൊലീസിന്‍റെ നടപടി. ഇന്ത്യ അന്വേഷിക്കുന്ന വിവാദ വ്യവസായി നീരവ് മോദിയുടെ അമ്മാവനാണ് മെഹുൽ ചോക്സി. ഇയാൾക്കെതിരെ നേരത്തെ ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2018 മുതൽ പൗരത്വം സ്വീകരിച്ച് ആന്‍റിഗ്വയിൽ കഴിയുകയായിരുന്ന ചോക്സിയെ കാണാതാവുകയായിരുന്നു. പിന്നീട് കരീബിയൻ രാജ്യമായ ഡൊമിനിക്കയിൽ പ്രത്യക്ഷപ്പെട്ടു. 2021ൽ സഹസ്രകോടികളുടെ വായ്പ തട്ടിപ്പു നടത്തി ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞ വിജയ് മല്യ, നീരവ് മോദി എന്നിവർക്കൊപ്പം മെഹുൽ ചോക്സിയുടെയും സ്വത്ത് ഇ.ഡി കണ്ടുകെട്ടി പൊതുമേഖല ബാങ്കുകൾക്ക് കൈമാറിയിരുന്നു.
2023 നവംബർ 15ന് മെഹുൽ ചോക്സിക്ക് ബെൽജിയത്തിൽ താമസാനുമതി ലഭിച്ചു. ഭാര്യ പ്രീതി ചോക്‌സി ബെൽജിയൻ പൗരയാണ്. മെഹുൽ ചോക്സിക്ക് ബെൽജിയം സർക്കാർ ‘എഫ് റെസിഡൻസി കാർഡ്’ നൽകിയിരുന്നു. 65കാരനായ ഇയാൾ കാൻസർ ബാധിതനാണെന്നും സ്വിറ്റ്‌സർലൻഡിലേക്ക് ചികിത്സക്ക് പോകാൻ ഒരുങ്ങുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.