കൊളംബോ: ഇന്ത്യയുടെ പിന്തുണയോടെ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾക്ക് ശ്രീലങ്കയിലെ അനുരാധപുരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻറ് അനുര കുമാര ദിസനായകെയും തുടക്കം കുറിച്ചു. പ്രശസ്തമായ ജയ ശ്രീ മഹാബോധി ക്ഷേത്രം സന്ദർശിച്ച ശേഷമായിരുന്നു പരിപാടികൾ.
91.27 മില്യൺ ഡോളർ മുടക്കി നവീകരിച്ച മഹോ-ഒമാന്തായ് റെയിൽപാതയുടെ (128 കിലോമീറ്റർ) ഉദ്ഘാടനം ഇരുനേതാക്കളും ചേർന്ന് നിർവഹിച്ചു. ഇതോടൊപ്പം, 14.89 മില്യൺ ഡോളറിന്റെ ഇന്ത്യൻ ഗ്രാന്റ് ഉപയോഗിച്ച് മഹോ-അനുരാധപുര ഭാഗത്ത് പുതിയ സിഗ്നലിംഗ് സംവിധാനത്തിനും തുടക്കം കുറിച്ചു.
വടക്ക്-തെക്ക് റെയിൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം. ദ്വീപ് രാഷ്ട്രത്തിന്റെ ഗതാഗത മേഖലക്ക് ഇന്ത്യ നൽകുന്ന പിന്തുണയുടെ ഭാഗമായാണ് റെയിൽപാത നവീകരണവും സിഗ്നൽ സംവിധാന വികസനവും.
ഇന്ത്യയുടെ എക്സിം ബാങ്ക് വഴി രണ്ട് ബില്യൺ ഡോളറിലധികം ധനസഹായമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. വിവിധ റെയിൽപാതകളുടെ നവീകരണം, പാസഞ്ചർ കോച്ചുകൾ, റോളിംഗ് സ്റ്റോക്ക്, സിഗ്നലിംഗ് സംവിധാനം തുടങ്ങിയവയ്ക്കായി തന്നെ 318 മില്യൺ ഡോളറിന്റെ ലോണാണ് ഇതിനകം അനുവദിച്ചത്.
അനുരാധപുരയിലെ ബുദ്ധമതത്തിനു അതീവ പ്രധാന്യമുള്ള ജയ ശ്രീ മഹാബോധി ക്ഷേത്രത്തിൽ ഇരുനേതാക്കളും സന്ദർശനം നടത്തി. ഇതെല്ലാം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആത്മീയ ബന്ധങ്ങളുടെ പ്രതീകമാണെന്ന് മോദി പറഞ്ഞു.
ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യയിലെ ബുദ്ധമത ബന്ധം വലുതാക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് 15 മില്യൺ ഡോളറിന്റെ ഗ്രാന്റ് പ്രകാരം നടപ്പിലാക്കിയ ബുദ്ധക്ഷേത്രങ്ങളുടെ സൗരോർജ്ജ വൈദ്യുതീകരണം. 2023-ൽ, ബുദ്ധന്‍റെ പുണ്യാവശിഷ്ടങ്ങൾ തായ്‌ലൻഡിലേക്ക് അയച്ചതും ഇതിന്റെ ഭാഗമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഇന്ത്യയും ശ്രീലങ്കയും പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ഇതുൾപ്പെടെ ഏഴ് ഉടമ്പടികളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും ശ്രീലങ്ക മുൻ പ്രസിഡന്റ് ജയവർധനെയും 1987 ജൂലൈ 29ന് ഒപ്പിട്ട കരാറിനുശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും പ്രതിരോധ കരാറുണ്ടാക്കുന്നത്.
ഇപ്പോൾ ഒപ്പുവെച്ച പ്രതിരോധ ഉടമ്പടി രണ്ട് രാജ്യങ്ങളുടെയും തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിലെ നിർണായക ഘട്ടമാകുമെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീലങ്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘മിത്ര വിഭൂഷണ’ ശ്രീലങ്കൻ സന്ദർശനത്തിനിടെ പ്രസിഡന്റ് അനുര കുമാര ദിസനായകെ ബഹുമതി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.