നയ്പിഡാവ്: കൂട്ടനിലവിളി എങ്ങും കേൾക്കാമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം പലർക്കും മനസ്സിലായില്ല. കെട്ടിടങ്ങൾക്കൊരു ഇളക്കം. പിന്നെ മനസ്സിലായി ഭൂമി കുലുങ്ങുകയാണെന്ന്. മ്യാന്മറിലെ ഭൂചലന ചിത്രം ജനം പരിഭ്രാന്തരായി പുറത്തേക്കോടി. എസ്കലേറ്ററിലെ മുകളിലേക്കുള്ള പടിയിലൂടെ താഴേക്കിറങ്ങാൻ ശ്രമിച്ചവർ തടഞ്ഞുവീണു. ചിലർ ജനൽ വഴി പുറത്തേക്ക് ചാടി. ആളുകൾ അലറിവിളിച്ച് ഓടുന്നതായിരുന്നു പുറത്തെയും കാഴ്ച. ഭൂമികുലുക്കം നാല് മിനിറ്റോളം നീണ്ടു. അതിനിടയിൽ ധാരാളമാളുകൾ കെട്ടിടങ്ങൾക്കുള്ളിൽനിന്ന് പുറത്തേക്കെത്തി. കൺമുന്നിൽ ചരിഞ്ഞ് വീഴുന്ന കെട്ടിടം കണ്ട് അവർ അന്ധാളിച്ചു. പല കെട്ടിടങ്ങൾക്ക് മുകളിലെയും ടാങ്ക് തകർന്ന് വെള്ളം പരന്നൊഴുകുന്നുണ്ടായിരുന്നു.
ആദ്യത്തെ അങ്കലാപ്പിനു ശേഷം എല്ലാവരും യാഥാർഥ്യബോധം വീണ്ടെടുത്തു. രക്ഷാപ്രവർത്തനത്തിനെത്തിയ സൈനികർക്കൊപ്പം ജനങ്ങളും പങ്കുചേർന്നു. തുടർചലനങ്ങൾ ആശങ്ക സൃഷ്ടിച്ചതിനാൽ കരുതലോടെയായിരുന്നു നീക്കങ്ങൾ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നെന്നതിന് ഒരു വ്യക്തതയുമില്ല. മ്യാന്മർ തലസ്ഥാനമായ നയ്പിഡാവ് ഉൾപ്പെടെ ആറ് മേഖലകളിൽ സൈനിക ഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മെട്രോ, ട്രെയിൻ സർവിസുകൾ നിർത്തിവെച്ചു. അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചിട്ടുണ്ട്. സൈനിക ഭരണകൂടത്തിന്റെ ഇരുമ്പ് ചട്ടക്കൂടിൽനിന്ന് വിവരങ്ങൾ അധികം പുറത്തുവരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞ് വിദേശ മാധ്യമങ്ങൾ ഉൾപ്പെടെ സ്ഥലത്തെത്തി വിവരം തേടിയപ്പോൾ ആളുകൾ പറയാൻ മടിച്ചു. പേര് വെളിപ്പെടുത്തരുതെന്ന മുഖവുരയോടെയാണ് പലരും ദുരന്തത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. തകർന്ന കെട്ടിടങ്ങൾ കാണുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ എത്രയോ ഇരട്ടി ആളുകൾ മരിച്ചിട്ടുണ്ടാകും എന്നു തോന്നും. മണ്ഡലേയിൽ മസ്ജിദ് തകർന്നുവീണു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനെത്തിയവർ അകത്തുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.
തായ്ലൻഡിൽ വിദേശ വിനോദസഞ്ചാരികൾ താമസിക്കുന്ന പ്രദേശത്താണ് കെട്ടിടം തകർന്നത്. തകർന്ന കെട്ടിടത്തിൽ വിദേശികൾ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. തായ്ലൻഡിലെ ഇന്ത്യക്കാർക്ക് അടിയന്തര സഹായത്തിന് +66 618819218 എന്ന നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.