സിയോൾ: ദക്ഷിണകൊറിയയിലേക്ക് മിസൈൽ തൊടുത്ത് വീണ്ടും ഉത്തരകൊറിയയുടെ പ്രകോപനം. കൊറിയൻ യുദ്ധവിരാമത്തിന് ശേഷം ചരിത്രത്തിലാദ്യമായി ദക്ഷിണകൊറിയയുടെ സമുദ്രാതിർത്തിക്ക് സമീപനം ഉത്തരകൊറിയയുടെ മിസൈൽ പതിക്കുന്നത്. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ അയച്ചത്. ദക്ഷിണകൊറിയൻ നഗരമായ സോക്ചോയിൽ നിന്നും 60 കിലോമീറ്റർ മീറ്റർ മാത്രം അകലെയാണ് മിസൈൽ എത്തിയത്.
ഉത്തരകൊറിയക്കുള്ള മറുപടിയായി ദക്ഷിണകൊറിയ മൂന്ന് മിസൈലുകൾ തിരിച്ചയച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്രാതിർത്തിയിലാണ് ദക്ഷിണകൊറിയ അയച്ച മിസൈലുകൾ പതിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം, ബുധനാഴ്ച രാവിലെ 10ഓളം മിസൈലുകൾ ഉത്തരകൊറിയ തൊടുത്തുവെന്നാണ് ജപ്പാനും ദക്ഷിണകൊറിയയും ആരോപിക്കുന്നത്. ദക്ഷിണകൊറിയയും യു.എസും സൈനിക പരിശീലനത്തിൽ നിന്നും പിന്മാറണമെന്നാണ് ഉത്തരകൊറിയയുടെ പ്രധാന ആവശ്യം.
ഇരുകൊറിയയകളും തമ്മിലുള്ള അനൗദ്യോഗിക അതിർത്തിയായ നോർത്തേൺ ലിമിറ്റ് ലൈനിൽ നിന്നും 26 കിലോ മീറ്റർ അകലെയാണ് മിസൈൽ പതിച്ചതെന്ന് ദക്ഷിണകൊറിയയുടെ സംയുക്ത സൈനിക മേധാവി അറിയിച്ചു. 1953ൽ കൊറിയൻ യുദ്ധം അവസാനിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിൽ മിസൈൽ പതിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ദേശീയ സെക്യൂരിറ്റി കൗൺസിൽ യോഗം വിളിച്ച ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സൂക് യോൾ മിസൈൽ ആക്രമണത്തെ അപലപിച്ചു. ഹാലോവൻ ദിനത്തിൽ 156 പേർ മരിച്ചതിന്റെ ദുഃഖത്തിൽ രാജ്യം കഴിയുമ്പോഴാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.