ജറൂസലം: ജനലക്ഷങ്ങൾ അണിനിരന്ന് ഇസ്രായേലിനെ നിശ്ചലമാക്കിയ ബന്ദിനെതിരെ രൂക്ഷവിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ബന്ദി മോചന കരാർ ഒപ്പുവെക്കാൻ ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഇസ്രായേലികൾ ആഹ്വാനം ചെയ്ത ഏകദിന പൊതു പണിമുടക്ക് രാജ്യത്തിന് നാണക്കേടാണെന്ന് നെതന്യാഹു ആരോപിച്ചു. ‘‘ഈ പണിമുടക്ക് അപമാനമാണ്. ‘നിങ്ങൾ ആറ് പേരെ കൊലപ്പെടുത്തി. ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്നു’ എന്ന് ഹമാസ് നേതാവ് യഹിയ സിൻവാറിനോട് പറയുന്നതിന് തുല്യമാണ് ഈ ബന്ദ്’ -നെതന്യാഹു കാബിനറ്റ് മീറ്റിങ്ങിൽ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേൽ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച ഗസ്സ മുനമ്പിൽ നിന്ന് ആറ് ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ പ്രതിരോധ സേന കണ്ടെടുത്തതിനെത്തുടർന്നാണ് ഇസ്രായേൽ തൊഴിലാളി സംഘടനയായ ഹിസ്റ്റാഡ്രൂട്ട് ലേബർ ഫെഡറേഷൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പൊതുപണിമുടക്കിലും വൻപ്രതിഷേധങ്ങളിലും വിമാനത്താവളമടക്കം ഇസ്രായേൽ പൂർണമായും സ്തംഭിച്ചിരുന്നു. വിദ്യാലയങ്ങൾ, ബാങ്കുകൾ, ഫാക്ടറികൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ ഭാഗികമായോ പൂർണമായോ പണിമുടക്കിയപ്പോൾ ചിലയിടങ്ങളിൽ ബസ്, റെയിൽ ഗതാഗതവും തടസ്സപ്പെട്ടു. വിവിധ നഗരങ്ങളിൽ ലക്ഷങ്ങൾ പങ്കെടുത്ത പ്രകടനങ്ങൾ അധികാരികളെ ഞെട്ടിക്കുന്നതായി. ശനിയാഴ്ച ഗസ്സയിൽ ആറു ബന്ദികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് ബന്ദി മോചന കരാറിന് നെതന്യാഹു സർക്കാറിനെ നിർബന്ധിച്ച് ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഹിസ്റ്റാഡ്രൂട്ട് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
Rare strike disrupts Israel while Biden says Netanyahu isn't doing enough to reach Gaza deal https://t.co/3N16msdPxw pic.twitter.com/MZveCZPPBY
— ABC7 News (@abc7newsbayarea) September 2, 2024
ഉച്ചയോടെ സർക്കാർ നൽകിയ ഇഞ്ചങ്ഷൻ പരിഗണിച്ച കോടതി അടിയന്തരമായി പണിമുടക്ക് നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. 11 മാസത്തിനിടെ ആദ്യമായാണ് രാജ്യത്ത് നെതന്യാഹു സർക്കാറിനെ പ്രതിക്കൂട്ടിലാക്കി വൻ പണിമുടക്ക്. ജറൂസലമിൽ പ്രധാനമന്ത്രിയുടെ വീടിനു മുന്നിലും തെൽ അവീവിൽ സൈനിക ആസ്ഥാനത്തും സമരക്കാർ വൻ റാലികൾക്ക് ആഹ്വാനം ചെയ്തു. കൊല്ലപ്പെട്ട ബന്ദികളുടെ ഉറ്റവരും പണിമുടക്കിൽ അണിചേരാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയത് ശ്രദ്ധേയമായി. എട്ടു ലക്ഷം തൊഴിലാളികൾ അംഗങ്ങളായ സംഘടനയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
അതിനിടെ, പ്രതിഷേധം കനത്തതോടെ ഗസ്സയിൽ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് നെതന്യാഹു മാപ്പപേക്ഷിച്ചു. ‘ആറ് ബന്ദികളിൽ ചിലരുടെ കുടുംബങ്ങളോട് സംസാരിക്കുകയും അവരോട് മാപ്പു ചോദിക്കുകയും ചെയ്തു. ഞാൻ കുടുംബങ്ങളോട് പറഞ്ഞകാര്യം ഇവിടെ ആവർത്തിക്കുന്നു: അവരെ ജീവനോടെ തിരികെ കൊണ്ടുവരാൻ കഴിയാത്തതിൽ ഞാൻ നിങ്ങളോട് മാപ്പു ചോദിക്കുന്നു. ഞങ്ങൾ അവരുടെ അടുത്തെത്തിയിരുന്നു. പക്ഷേ വിജയിച്ചില്ല. ഇതിന് ഹമാസ് വലിയ വില നൽകേണ്ടിവരും” -നെതന്യാഹു പറഞ്ഞു.
100ലേറെ ബന്ദികളെ മോചിപ്പിക്കണമെങ്കിൽ ഗസ്സയിൽ നിന്ന് ഇസ്രായേൽ പൂർണമായി പിൻവാങ്ങണമെന്നാണ് ഹമാസ് മുന്നോട്ടുവെച്ച നിബന്ധന. ഈജിപ്ത് അതിർത്തിയോടുചേർന്ന ഫിലഡെൽഫി ഇടനാഴിയും, തെക്ക്- വടക്കൻ ഗസ്സകളെ നെടുകെ പിളർത്തി നിർമിച്ച നെറ്റ്സാറിം ഇടനാഴിയും അടക്കം ഗസ്സയിലെ മൊത്തം പ്രദേശങ്ങളിൽനിന്നും പൂർണമായി ഇസ്രായേൽ സൈനിക പിന്മാറ്റമില്ലാതെ വെടിനിർത്തൽ കരാറിനില്ലെന്ന് ഹമാസ് ആവർത്തിച്ചു. വീണ്ടും വെടിനിർത്തൽ കരാറിന് യു.എസ് രംഗത്തെത്തിയ സാഹചര്യത്തിലാണ് മുതിർന്ന ഹമാസ് നേതാവ് ഖലീൽ അൽഹയ്യയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.