ഇന്ത്യൻ സ്വാതന്ത്ര്യദിനം ആവേശത്തോടെ ആഘോഷിച്ച് ന്യൂയോർക്ക് നഗരം

ന്യൂയോർക്ക്: ഇന്ത്യയുടെ 78ആം സ്വാതന്ത്ര്യദിനം ആവേശത്തോടെ ആഘോഷിച്ച് ന്യൂയോർക്ക് നഗരം. ത്രിവർണ്ണ പതാക നഗരത്തിലുടനീളം നിറഞ്ഞുനിന്നു. ഇന്ത്യക്കാരുടെ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് വ്യാഴാഴ്ച നടന്നത്.

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, യു.എന്നിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം ദൗത്യം ഓഫിസ് അങ്കണം, ടൈംസ് സ്‌ക്വയർ, ലോവർ മാൻഹാട്ടൻ എന്നിവിടങ്ങളിൽ ഇന്ത്യക്കാരുടെയും ന്യൂയോർക്ക് നഗര ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തൽ ചടങ്ങുകൾ നടന്നു.

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ പ്രവാസികളെ അഭിസംബോധന ചെയ്തു. നയതന്ത്ര ബന്ധങ്ങൾക്ക് അതീതമായ ഒരു ബന്ധമാണ് ഇന്ത്യയും യു.എസും പങ്കിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.


 പ്രമുഖ പ്രവാസി സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ദേശഭക്തി ഗാനങ്ങൾ ആലപിച്ച് ടൈംസ് സ്ക്വയറിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ബിനയ പ്രധാൻ കോൺസുലേറ്റിലും ടൈംസ് സ്‌ക്വയറിലും ഇന്ത്യൻ ദേശീയ പതാക ഉയർത്തി.

യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും ചാർജ് ഡി അഫയേഴ്‌സ് അംബാസഡറുമായ ആർ. രവീന്ദ്ര യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യം ഓഫിസ് അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ഇന്ത്യക്കാരൊടൊപ്പം നിരവധി അമേരിക്കക്കാരും ആഘോഷ പരിപാടികളിൽ പങ്കാളികളായി. 

Tags:    
News Summary - New York City celebrates Indian Independence Day with gusto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.