ജൊഹാനസ് ബർഗ്: ദക്ഷിണാഫ്രിക്കയിലെ സ്റ്റിൽഫോണ്ടീനിൽ ഉപേക്ഷിക്കപ്പെട്ട സ്വർണ ഖനിയിൽ അനധികൃത ഖനനത്തിനിറങ്ങി മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താൻ ശ്രമം ഊർജിതം. ചൊവ്വാഴ്ച കൂട് പോലെയുള്ള സംവിധാനം രക്ഷാപ്രവർത്തകർ ഖനിക്കുള്ളിലേക്കിറക്കി തൊഴിലാളികളെ പുറത്തെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്.
പട്ടിണിയും നിർജലീകരണവും കാരണം നൂറിലധികം പേർ ഇതിനകം മരിച്ചതായാണ് കരുതുന്നത്. ഇനിയും 500ൽ അധികം പേർ ജീവനോടെയുണ്ടെന്ന് ഖനിത്തൊഴിലാളികളുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇവരിൽ പലരും രോഗികളായി. വെള്ളിയാഴ്ച മുതൽ 24 മൃതദേഹങ്ങൾ പുറത്തെത്തിച്ചതായി അധികൃതർ പറഞ്ഞു. 37 പേരെ ജീവനോടെ രക്ഷിക്കാനും കഴിഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈ മുതൽ ഖനിയിൽ കുടങ്ങിക്കിടക്കുന്നവരുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ഖനിത്തൊഴിലാളികളെ നിർബന്ധിച്ച് പുറത്തെത്തിക്കാൻ കഴിഞ്ഞ നവംബറിൽ പൊലീസ് നടത്തിയ ശ്രമം തൊഴിലാളികളും പ്രദേശവാസികളുമായി സംഘർഷത്തിന് വഴിവെച്ചിരുന്നു.
ഖനിത്തൊഴിലാളികൾക്ക് പുറത്തുവരാൻ കഴിയുമെന്നും എന്നാൽ, അതിന് വിസമ്മതിക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ, മനുഷ്യാവകാശ പ്രവർത്തകർ ഇതു തള്ളിക്കളയുന്നു. പുറത്തുവരാൻ തൊഴിലാളികളെ നിർബന്ധിക്കുന്നതിന് പൊലീസ് ഭക്ഷണവും വെള്ളവും തടഞ്ഞതാണ് കുഴപ്പമുണ്ടാക്കിയതെന്ന് അവർ പറയുന്നു. സംഘടനകൾ കോടതിയെ സമീപിച്ച് തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാൻ അനുകൂല ഉത്തരവ് നേടിയിരുന്നു. എന്നാൽ, അധികൃതർ നൽകുന്ന ഭക്ഷണം പര്യാപ്തമല്ലെന്ന് അവർ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.