കൊളംബൊ: പണപ്പെരുപ്പം കാരണം കടുത്ത ഭക്ഷ്യക്ഷാമം നേരിട്ട് ശ്രീലങ്ക. 6.26 ദശലക്ഷം പൗരന്മാർ ഭക്ഷണം എവിടെ നിന്ന് കണ്ടെത്തുമെന്നതിൽ അനിശ്ചിതത്വം നേരിടുന്നുവെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന്‍റെ (ഡബ്ല്യു.എഫ്.പി) റിപ്പോർട്ട് വ്യക്തമാക്കി. ഭക്ഷ്യധാന്യത്തിന്‍റെയും ഇന്ധനത്തിന്‍റെയും വിലക്കയറ്റം കാരണം ജനങ്ങൾ ഭക്ഷണം കഴിക്കുന്നത് ചുരുക്കുകയാണെന്നും 61 ശതമാനം കുടുംബങ്ങളിൽ ഈ അവസ്ഥ തുടരുന്നുണ്ടെന്നും ഡബ്ല്യു.എഫ്.പി അറിയിച്ചു.
അഞ്ച് അംഗങ്ങളുള്ള വീടുകളിൽ മൂന്നുപേർക്ക് പോഷകാഹാരം ലഭിക്കുന്നില്ല. ഗർഭിണികളുൾപ്പെടെ ഭക്ഷണം ചുരുക്കിയാണ് കഴിയുന്നത്. ഇത് വരും തലമുറയുടെ ആരോഗ്യ സ്ഥിതി വഷളാക്കുമെന്ന് ഡബ്ല്യു.എഫ്.പിന്‍റെ ഏഷ്യ-പസഫിക് ഡെപ്യൂട്ടി ഡയറക്ടർ ആന്തിയ വെബ് പറഞ്ഞു. സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണിത്.
ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ പൂർണമായും തകർന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വ്യക്തമാക്കിയിരുന്നു. സമ്പദ്‌വ്യവസ്ഥ പൂർണമായി തകർന്ന ഒരു രാജ്യത്തെ പുനർനിർമാണം നടത്തുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും വിദേശ കരുതൽ ശേഖരം അപകടകരമാംവിധം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം 57.4 ശതമാനമായി ഉയർന്നിരുന്നു.
സമ്പദ്‌വ്യവസ്ഥയുടെ തകർച്ച പരിഹരിക്കണമെങ്കിൽ നിലവിലെ വിദേശ കരുതൽ പ്രതിസന്ധി പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഏക വഴി അന്താരാഷ്ട്ര നാണയ നിധിയുമായി ചർച്ച നടത്തുക മാത്രമാണെന്നും വിക്രമസിംഗെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.