‘വെള്ളം തടഞ്ഞാൽ യുദ്ധത്തിനു ഒരുങ്ങിക്കൊള്ളു, ആണവായുധങ്ങൾ പ്രദർശനത്തിനുള്ളതല്ല’; ഭീഷണിയുമായി പാക് മന്ത്രി

‘വെള്ളം തടഞ്ഞാൽ യുദ്ധത്തിനു ഒരുങ്ങിക്കൊള്ളു, ആണവായുധങ്ങൾ പ്രദർശനത്തിനുള്ളതല്ല’; ഭീഷണിയുമായി പാക് മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാകിസ്താൻ മന്ത്രി. പാകിസ്താന് സിന്ധു നദീജല കരാർ പ്രകാരമുള്ള ജലം തടഞ്ഞുവെച്ചാൽ പൂർണതോതിലുള്ള യുദ്ധമായിരിക്കും ഫലമെന്ന് റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി മുന്നറിയിപ്പ് നൽകി.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ പാകിസ്താനെതിരെ കടുന്ന നടപടികൾ സ്വീകരിച്ചത്. സിന്ധു നദീജല കരാർ റദ്ദാക്കിയതിനു പുറമെ, പാക് പൗരന്മാരുടെ വിസകൾ റദ്ദാക്കുകയും ഉടൻ രാജ്യം വിട്ടുപോകാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ഇന്ത്യൻ വിമാന കമ്പനികൾക്ക് വ്യോമപാതയും വാഗാ അതിര്‍ത്തിയും അടക്കുകയും ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തുകയും ചെയ്താണ് പാകിസ്താൻ ഇതിനോട് പ്രതികരിച്ചത്. പിന്നാലെയാണ് പാക് മന്ത്രിയുടെ പ്രകോപന പരാമർശം.

പാകിസ്താന്‍റെ ആണവായുധങ്ങൾ പ്രദർശനത്തിനു വെച്ചതല്ലെന്നും രാജ്യത്തെ പലയിടങ്ങളിലും അവ വിന്യസിച്ചിട്ടുണ്ടെന്നും പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ തയാറാണെന്നും ഹനീഫ് പറഞ്ഞു. ‘നമ്മൾക്കുള്ള ജലം തടഞ്ഞുവെച്ചാൽ, ഇന്ത്യ പൂർണ യുദ്ധത്തിനു ഒരുങ്ങിക്കൊള്ളു. നിരവധി യുദ്ധോപകരണങ്ങളും മിസൈലുകളും നമുക്കുണ്ട്, അത് വെറുതെ പ്രദർശനത്തിനുള്ളതല്ല. രാജ്യത്ത് എവിടെയൊക്കെയാണ് നമ്മൾ ആണവായുധങ്ങൾ വിന്യസിച്ചിരിക്കുന്നതെന്ന് ആർക്കും അറിയില്ല. ഘോരി, ഷഹീൻ, ഗസ്‌നവി മിസൈലുകളും 130 ആണവ പോർമുനകളും ഉൾപ്പെടെയുള്ള പാകിസ്താന്‍റെ ആയുധശേഖരം ഇന്ത്യയെ മാത്രം ലഷ്യമിട്ടുള്ളതാണ്’ -പാക് മന്ത്രി മുന്നറിയിപ്പ് നൽകി.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ ചൊല്ലി ഇന്ത്യ-പാക് നയതന്ത്രബന്ധങ്ങൾ വഷളാവുന്നതിനിടെ നിർണായ സാഹചര്യങ്ങളെ നേരിടാൻ സൈന്യം സജ്ജമായി. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കശ്മീരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ വ്യോമസേന വ്യോമാഭ്യാസം സംഘടിപ്പിച്ചിരുന്നു. ‘ആക്രമണ്‍’ എന്ന് പേരിട്ട വാർഷിക വ്യോമാഭ്യാസത്തില്‍ റഫാല്‍, സുഖോയ്-30 യുദ്ധവിമാനങ്ങൾ പങ്കെടുത്തു.

സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ സേന നടത്തുന്ന കരയാക്രമണം, ഇലക്ട്രോണിക് വാര്‍ഫെയര്‍ തുടങ്ങിയവയിലെ ശേഷികള്‍ വ്യോമാഭ്യാസത്തിൽ പരിശോധിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മെറ്റിയോര്‍, റാംപേജ് ആന്‍ഡ് റോക്‌സ് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളും വ്യോമാഭ്യാസത്തിന്റെ ഭാഗമായി. കൂടാതെ, ഇന്ത്യൻ നാവികസേന കഴിഞ്ഞ ദിവസം അറബിക്കടലിൽ നിർണായക മിസൈൽ പരീക്ഷണം നടത്തിയിരുന്നു. നാവികസേനയുടെ ഏറ്റവും പുതിയ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുദ്ധക്കപ്പലായ ഐ.എൻ.എസ് സൂറത്തിൽനിന്നായിരുന്നു പരീക്ഷണം.

തറയിൽനിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മധ്യദൂര ഭൂതല-വ്യോമ മിസൈൽ (എം.ആർ.എസ്.എ.എം) ആണ് വിജയകരമായി പരീക്ഷിച്ചത്. ഈ മിസൈലിന് 70 കിലോമീറ്റർ ദൂരപരിധിയിൽ ശത്രുവിമാനങ്ങളെയോ മിസൈലുകളെയോ തകർക്കാൻ ശേഷിയുണ്ട്.

Tags:    
News Summary - Pak minister's open threat to India as tensions flare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.