വാഷിങ്ടൺ ഡി.സി: പോളണ്ടിൽ പതിച്ച മിസൈൽ യുക്രെയ്ൻ സൈന്യത്തിന്‍റേതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റിപ്പോർട്ടുകൾ. റഷ്യൻ മിസൈലിനെ ലക്ഷ്യമിട്ട് യുക്രെയ്ൻ സൈന്യം തൊടുത്തു വിട്ടതാണ് പോളണ്ടിൽ പതിച്ചതെന്ന് വിലയിരുത്തുന്നതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. രണ്ട് പേർ കൊല്ലപ്പെട്ട മിസൈൽ ആക്രമണം റഷ്യ നടത്തിയതാണെന്ന് പോളണ്ടും യുക്രെയ്നും ആരോപിച്ചിരുന്നു.
രണ്ട് പേർ കൊല്ലപ്പെട്ട സ്ഫോടനത്തിന് കാരണം റഷ്യൻ മിസൈൽ ആയിരിക്കില്ലെന്നാണ് പ്രാഥമിക വിവരമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും നേരത്തെ പറഞ്ഞിരുന്നു. യു.എസും നാറ്റോയും സംഭവം അന്വേഷിക്കുകയാണെന്നും ബൈഡൻ വ്യക്തമാക്കി. ഇന്തൊനേഷ്യയിലെ ബാലിയിൽ ജി-20 സമ്മേളനത്തിനിടെ ചേർന്ന നാറ്റോയുടെ അടിയന്തര യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ബൈഡൻ. 'പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. മിസൈൽ തൊടുത്തത് റഷ്യയിൽ നിന്നാകണമെന്നില്ല. പൂർണമായും അന്വേഷിക്കുന്നതിന് മുമ്പ് അങ്ങനെ പറയാനാവില്ല. അന്വേഷിക്കാം' -ബൈഡൻ പറഞ്ഞു.
അതേസമയം, പോളണ്ടും യുക്രെയ്നും ആരോപിക്കുന്നത് റഷ്യൻ മിസൈലാണ് പതിച്ചതെന്നാണ്. കിഴക്കൻ പോളണ്ടിലെ പ്രസെവോഡോ ഗ്രാമത്തിലാണ് മിസൈൽ പതിച്ചത്. എന്നാൽ, തങ്ങളുടെ മിസൈൽ പോളണ്ടിൽ പതിച്ചെന്ന റിപ്പോർട്ടുകൾ റഷ്യൻ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.
സംഭവത്തിന് പിന്നാലെ, പോളണ്ട് പ്രധാനമന്ത്രി മറ്റിയൂസ് മൊറാവിക്കി അടിയന്തര യോഗം വിളിക്കുകയും സൈന്യത്തോട് സജ്ജമാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നാറ്റോ സഖ്യരാഷ്ട്രമെന്ന നിലയിൽ സംഭവത്തിൽ ഇടപെടാൻ നാറ്റോയോട് ആവശ്യപ്പെടുന്ന കാര്യം പരിഗണനയിലാണെന്നും പോളണ്ട് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.