‘ആയുധങ്ങള്‍ നിശബ്ദമാക്കപ്പെടണം...’; ഗസ്സയിലെ ഇസ്രായേലിന്‍റെ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് മാർപാപ്പ

‘ആയുധങ്ങള്‍ നിശബ്ദമാക്കപ്പെടണം...’; ഗസ്സയിലെ ഇസ്രായേലിന്‍റെ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് മാർപാപ്പ

വത്തിക്കാൻ സിറ്റി: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ട് ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്ച പ്രസിദ്ധീകരിച്ച പ്രാര്‍ഥനയിലാണ് മാർപാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഗസ്സക്കുമേൽ ഇസ്രയേലിന്റെ രൂക്ഷമായ ബോംബാക്രമണം വീണ്ടും തുടങ്ങിയതിൽ ഞാന്‍ അതീവ ദുഃഖിതനാണ്. നിരവധി പേര്‍ മരിക്കുകയും ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. ആയുധങ്ങള്‍ ഉടന്‍ നിശബ്ദമാക്കപ്പെടണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ആയുധങ്ങൾ താഴെ വെക്കണം. ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കണം. അതിലൂടെ ബന്ദികളെ മോചിപ്പിക്കാനും സ്ഥിരമായ വെടിനിര്‍ത്തലിലേക്ക് എത്താനും കഴിയും. ഗസ്സ മുനമ്പിലെ സാഹചര്യം വീണ്ടും ഗുരുതരമായിരിക്കുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റേ അടിയന്തര ഇടപെടല്‍ ആവശ്യമാണ്... -മാർപാപ്പ പറഞ്ഞു.

മാർപാപ്പ ആശുപത്രി വിട്ടു; ഇനി രണ്ടുമാസം വിശ്രമം

ന്യുമോണിയയും കടുത്ത ശ്വാസതടസ്സവും കാരണം ഒരു മാസത്തിലേറെയായി ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു. വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്ത മാർത്തയിലേക്ക് അദ്ദേഹം മടങ്ങി.

ആരോഗ്യനില പൂർണമായും വീണ്ടെടുക്കാൻ രണ്ടു മാസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ മാർപാപ്പക്ക് നിർദേശം നൽകി. പ്രത്യേക പരിചരണം ആവശ്യമാണെന്നും പൊതുപരിപാടികളിലും യോഗങ്ങളിലും പ​ങ്കെടുക്കരുതെന്നും നിർദേശിച്ചതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരുടെ ടീമിന്റെ തലവൻ സെർജിയോ ആൽഫിയരി പറഞ്ഞു. ന്യുമോണിയ ഭേദമായിട്ടുണ്ടെങ്കിലും സങ്കീർണമായ അണുബാധയിൽനിന്ന് പൂർണമായും മുക്തനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാർപാപ്പയുടെ ശബ്ദം മുമ്പത്തെപ്പോലെയാകാൻ സമയമെടുക്കുമെന്നും ആൽഫിയറി കൂട്ടിച്ചേർത്തു.

ഫെബ്രുവരി 14 മുതൽ റോമിലെ ജെമെലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു 88കാരനായ മാർപാപ്പ. ഇരട്ട ന്യുമോണിയ ബാധിച്ച അദ്ദേഹം ഗുരുതരാവസ്ഥയിൽനിന്നാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അതേസമയം, അഞ്ച് ആഴ്ചകൾക്കു ശേഷം ആശുപത്രി വിടുന്നതിനു മുമ്പ് മാർപാപ്പ വിശ്വാസികളെ ആശീർവദിച്ചു. ജെമെലി ആശുപത്രിയുടെ ബാൽകണിയിൽ വീൽ ചെയറിലിരുന്ന് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം കൈവീശി എല്ലാവർക്കും നന്ദി പറയുകയായിരുന്നു.

Full View


Tags:    
News Summary - Pope calls for immediate end to Israel's attack on Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.