ന്യൂഡൽഹി: ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും അധിേക്ഷപിച്ചത് വിവാദമായതിനു പിന്നാലെ യുവജന മന്ത്രാലയത്തിലെ മൂന്ന് ഡെപ്യൂട്ടി മന്ത്രിമാരെ മാലദ്വീപ് സസ്പെൻഡ് ചെയ്തു. യുവജന മന്ത്രാലയത്തിലെ ഡെപ്യൂട്ടി മന്ത്രിമാരായ മൽഷ ശരീഫ്, മറിയം ഷിയൂന, അബ്ദുല്ല മഹ്സൂം മാജിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അധിക്ഷേപത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും വിവാദം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടാക്കുകയും മാലദ്വീപിനെ ബഹിഷ്കരിക്കാൻ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സെലിബ്രിറ്റികൾ സമൂഹ മാധ്യമ കാമ്പയിൻ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ദ്വീപ് രാജ്യത്തിന്റെ നടപടി.
ലക്ഷദ്വീപ് സന്ദര്‍ശനത്തിനു പിന്നാലെ മോദി പങ്കുവെച്ച ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടർന്ന് മാലദ്വീപിന് ബദലായി ലക്ഷദ്വീപിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് മോദി ലക്ഷ്യമിടുന്നത് എന്നതരത്തിൽ ചര്‍ച്ചകളും തുടങ്ങി. ഇതിനു പിന്നാലെയാണ് മോദിയുടെ ചിത്രം പങ്കുവെച്ച് മന്ത്രി മറിയം ഷിയൂന എക്സിൽ വിവാദ പോസ്റ്റിട്ടത്.
കടുത്ത വിമർശനം ഉയർന്നതോടെ പോസ്റ്റ് പിൻവലിച്ചുവെങ്കിലും നിരവധി മാലദ്വീപുകാർ ഇന്ത്യക്കാരെ അവഹേളിക്കുന്ന പ്രതികരണങ്ങളുമായി രംഗത്തുവന്നു. മറ്റൊരു മന്ത്രി അബ്ദുല്ല മഹ്സൂം മാജിദ്, ഇന്ത്യ മാലദ്വീപിനെ ലക്ഷ്യംവെക്കുന്നുവെന്നും ബീച്ച് ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും ‘എക്സി’ൽ കുറിച്ചു. ‘നീക്കം നല്ലതാണ്. എന്നാൽ ഞങ്ങളോട് മത്സരിക്കാനുള്ള ശ്രമം വഞ്ചനാപരമാണ്. എങ്ങനെയാണ് ഞങ്ങൾ നൽകുന്ന സേവനം അവർക്ക് കൊടുക്കാനാവുക? എങ്ങനെ അവർക്ക് അത്രയും വൃത്തിയുള്ളവരാകാൻ കഴിയും? മുറികളിലെ സ്ഥിരം മണം തന്നെയാണ് ഏറ്റവും വലിയ അധോഗതി’- ഇതായിരുന്നു മാജിദിന്റെ പോസ്റ്റ്.
ഇതോടെ, മാലദ്വീപിനെ ബഹിഷ്കരിക്കൂ എന്ന ഹാഷ്ടാഗുമായി ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സെലിബ്രിറ്റികൾ മാലദ്വീപിനെതിരായും മോദിക്കും ലക്ഷദ്വീപിനും അനുകൂലമായും സമൂഹ മാധ്യമ കാമ്പയിൻ തുടങ്ങി. ഇന്ത്യ ശക്തമായ പ്രതിഷേധവും അറിയിച്ചു. മന്ത്രിയുടെ വാക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും ദ്വീപ് രാഷ്ട്രത്തിന്റെ പുരോഗതിക്കും സുരക്ഷക്കുംവേണ്ടി നിലകൊള്ളുന്ന പ്രധാന സഖ്യകക്ഷിയാണ് ഇന്ത്യയെന്നും മാലദ്വീപ് പ്രതിപക്ഷ നേതാവും മുൻ പ്രസിഡന്റുമായ മുഹമ്മദ് നശീദ് വിമർശനവുമായി രംഗത്തുവന്നു. മന്ത്രിമാരുടെ പരാമർശം വ്യക്തിപരമാണെന്നും സര്‍ക്കാര്‍ നയമല്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷ ങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും മാലദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയതിനു ശേഷമായിരുന്നു സസ്പെൻഷൻ.
ഇന്ത്യക്കു പകരം ചൈനയോടു ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്ന മുഹമ്മദ് മുയിസു കഴിഞ്ഞ വർഷം നവംബറിൽ പ്രസിഡന്റായി അധികാരമേറ്റതു മുതലാണ് മാലദ്വീപ്-ഇന്ത്യ ബന്ധം വഷളായത്. അധികാരത്തിലെത്തിയാല്‍ ദ്വീപില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ നീക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ ചൈനാ സന്ദര്‍ശനത്തിനും മുയിസു തയാറെടുക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് പുതിയ വിവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.