കൊളംബോ: ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ നടപടികൾ കടുപ്പിച്ച് പുതിയ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള സർക്കാർ. വെള്ളിയാഴ്ച ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പാർട്ടിയായ ഫ്രണ്ട്ലൈൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഓഫിസിൽ ശ്രീലങ്കൻ പൊലീസ് റെയ്ഡ് നടത്തി.
'സിവിൽ വേഷത്തിൽ ഒരുസംഘം ഓഫിസിൽ കയറി പരിശോധിച്ചതായും സെർച്ച് വാറന്റ് ഉണ്ടായിരുന്നില്ലെന്നും അവരിലൊരാൾ മാത്രമാണ് പൊലീസ് യൂനിഫോം ധരിച്ചിരുന്നതെന്നും പാർട്ടി വക്താവ് ദുമിന്ദ നാഗമുവ പറഞ്ഞു.
പിന്നീട്, വീണ്ടും മറ്റൊരു സംഘം പൊലീസും തിരച്ചിലിന് എത്തിയതായും അദ്ദേഹം പറഞ്ഞു. 2012 ഏപ്രിലിൽ ജനത വിമുക്തി പെരമുനയിലെ വിമത അംഗങ്ങൾ ചേർന്ന് രൂപവത്കരിച്ചതാണ് ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പാർട്ടിയായ ഫ്രണ്ട്ലൈൻ സോഷ്യലിസ്റ്റ് പാർട്ടി. സ്വത്തുക്കൾ തീവെച്ചത് എഫ്.എസ്.പി പ്രവർത്തകരാണെന്നാണ് ഭരണകക്ഷി നേതാക്കളുടെ ആരോപണം. മൂന്നു മാസത്തിലേറെയായി രാജ്യത്ത് നടന്ന രാഷ്ട്രീയേതര പ്രതിഷേധങ്ങൾ എഫ്.എസ്.പി ഹൈജാക്ക് ചെയ്തതായും അവർ ആരോപിക്കുന്നു. അതിനിടെ പ്രസിഡന്റിന്റെ ഓഫിസിൽ അതിക്രമിച്ചുകടന്ന് പ്രസിഡന്റിന്റെ പതാകയെ അവഹേളിച്ചെന്ന കുറ്റത്തിന് ശ്രീലങ്കൻ തൊഴിലാളി സംഘടന നേതാവിനെ അറസ്റ്റ് ചെയ്തു.
തുറമുഖ സുരക്ഷ ഉദ്യോഗസ്ഥൻകൂടിയായ ഉദേനി കാലുതന്ത്രി (54) ആണ് അറസ്റ്റിലായത്. കൊളംബോയിലെ ഡാം സ്ട്രീറ്റ് പൊലീസിൽ കീഴടങ്ങിയതിന് പിന്നാലെയാണ് അറസ്റ്റെന്ന് ഡെയ്ലി മിറർ പത്രം റിപ്പോർട്ട് ചെയ്തു. മുൻ പ്രസിഡന്റ് ഗോടബയ രാജപക്സയുടെ നേതൃത്വത്തിലുള്ള സർക്കാറിനെതിരായ ബഹുജന പ്രക്ഷോഭത്തിന് മൂന്നാഴ്ചക്ക് ശേഷമാണ് നടപടി. പ്രസിഡന്റിന്റെ ഔദ്യോഗിക പതാക ബെഡ്ഷീറ്റാക്കി വിരിച്ച് സമൂഹ മാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ജൂലൈ ഒമ്പതിന് നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർ വൻതോതിൽ പ്രസിഡന്റ് ഹൗസിലേക്ക് ഇരച്ചുകയറിയപ്പോഴാണ് സംഭവം. മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബലവേഗ പാർട്ടിയുടെ തൊഴിലാളി സംഘടനയായ സമാഗി സേവക സംഗമയുടെ മുൻ വൈസ് പ്രസിഡന്റാണ് ഉദേനി. പ്രസിഡൻഷ്യൽ പതാക ശ്രീലങ്കയിലെ ഓരോ പ്രസിഡന്റിനും വ്യക്തിഗതമാണ്. പുതിയ പ്രസിഡന്റ് വരുമ്പോൾ പതാക മാറാറുണ്ട്. ആക്ടിങ് പ്രസിഡന്റായിരിക്കെ ജൂലൈ 15ന് റനിൽ വിക്രമസിംഗെ രാഷ്ട്രപതി പതാക എടുത്തുകളയാൻ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.