ദുബൈ: വിദ്യാഭ്യാസ മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് തയാറാക്കിയ ഇന്ത്യ യു.എ.ഇ കരാറിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. ഇതു സംബന്ധിച്ച് യു.എ.ഇ സർക്കാറും ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും തമ്മിൽ തയാറാക്കിയ ധാരണപത്രത്തിൽ ഒപ്പുവെക്കാൻ കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ വിദ്യാഭ്യാസ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് കരാർ. ഇന്ത്യയിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഗവേഷകർക്കും യു.എ.ഇയിൽ തുടർ പഠനവും ജോലിയും ഉൾപ്പെടെ ഏറെ ഗുണം ചെയ്യുന്ന കരാറാണിത്. ഇന്ത്യയിലെ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകൾക്ക് യു.എ.ഇയിൽ അംഗീകാരം ലഭിക്കുന്നതുൾപ്പെടെ ഈ കരാർ പ്രാബല്യത്തിലാകുന്നതോടെ യാഥാർഥ്യമാകും.
വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് 2015ൽ കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ, 2018ൽ ഇതിന്റെ കാലാവധി അവസാനിച്ചു. 2019ൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ തമ്മിൽ നടന്ന ചർച്ചയിൽ പുതിയ കരാർ ഒപ്പുവെക്കാൻ യു.എ.ഇ നിർദേശിച്ചിരുന്നു.
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ മാറ്റങ്ങളും പുതിയ ധാരണപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവര വിദ്യാഭ്യാസ കൈമാറ്റം, സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, അധ്യാപകരുടെ നൈപുണ്യം വർധിപ്പിക്കൽ, സംയുക്ത ഡിഗ്രി പ്രോഗ്രാം, ഇരട്ട ഡിഗ്രി പ്രോഗ്രാം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള അക്കാദമിക് സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ യോഗ്യതകൾ പരസ്പരം അംഗീകരിക്കുകയും ചെയ്യും. ഇന്ത്യക്കാർ ഏറെയുള്ള യു.എ.ഇയിൽ സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലകളിലെ സഹകരണം ഏറെ ഗുണം ചെയ്യും.
അഞ്ച് വർഷമാണ് കരാർ കാലാവധി. എന്നാൽ, ഇരുരാജ്യങ്ങൾക്കും സമ്മതമാണെങ്കിൽ പുതുക്കുകയും ചെയ്യാം. ഈ കരാർ ഒപ്പുവെക്കുന്നതോടെ 2015ലെ കരാർ പൂർണമായും അസാധുവാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.