കൊളംബൊ: ജനകീയ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടതിനെ തുടർന്ന് കൊട്ടാരം വിട്ട് ഒളിവിൽ പോയ ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ മാലദ്വീപിലേക്ക് കടന്നതായി റിപ്പോർട്ടുകൾ. ഭാര്യയും അംഗരക്ഷകരും ഉൾപ്പെടെ നാലുപേർ മാലദ്വീപിലെത്തിയതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക വിമാനത്തിലാണ് ഇവർ മാലദ്വീപിലെത്തിയത്. രാജിക്ക് ശേഷം അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാണ് പ്രസിഡന്റ് രാജ്യം വിട്ടത്.
വിദേശരാജ്യത്തേക്ക് രക്ഷപ്പെടാൻ ചൊവ്വാഴ്ച കൊളംബൊ വിമാനത്താവളത്തിലെത്തിയ ഗോടബയയെയും ഭാര്യയേയും എമിഗ്രേഷൻ അധികൃതർ തടഞ്ഞ് തിരിച്ചയച്ചിരുന്നു. തുടർന്ന് കടൽ മാർഗം രക്ഷപ്പെടാൻ നാവിക സേനയുടെ സഹായം തേടി. പട്രോൾ ബോട്ടിൽ മാലദ്വീപിലോ ഇന്ത്യയിലോ എത്തിയശേഷം ദുബൈക്ക് കടക്കാനായിരുന്നു നീക്കം. ഇതും ഫലം കണ്ടിരുന്നില്ല.
അതേസമയം, വിമാനം ചാർട്ടർ ചെയ്ത് രാജ്യത്തെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ മട്ടാലയിലേക്ക് കടക്കാൻ പദ്ധതിയിട്ടുവെങ്കിലും അവിടെ നിന്ന് രാജ്യാന്തര വിമാനങ്ങൾ ഇല്ലാത്തതും തിരിച്ചടിയായി. 2013ൽ തുറന്ന ഈ വിമാനത്താവളം ലോകത്തുതന്നെ ഏറ്റവും ഉപയോഗശൂന്യമായ വിമാനത്താവളമായാണ് അറിയപ്പെടുന്നത്.
കടുത്ത സാമ്പത്തിക തകർച്ചയെ തുടർന്ന് പൊറുതിമുട്ടിയ ജനം ശനിയാഴ്ചയാണ് ഗോടബയയുടെ കൊട്ടാരത്തിലേക്ക് ഇരച്ചു കയറിയത്. പ്രക്ഷോഭകർ എത്തുംമുമ്പേ രക്ഷപ്പെട്ട ഗോടബയ വ്യോമസേനയുടെ സഹായത്തോടെ രഹസ്യക്യാമ്പിൽ കഴിയുകയായിരുന്നു. ഇത് വ്യോമസേന നിഷേധിച്ചിട്ടുണ്ട്. കൊളംബോ വിമാനത്താവളത്തിലെ വി.ഐ.പി യാത്രാമാർഗത്തിലൂടെ ദുബൈക്ക് കടക്കാനായിരുന്നു ഗോടബയയുടെ പദ്ധതി. വിമാനത്താവള അധികൃതർ അത് തടഞ്ഞതിനെ തുടർന്ന് യു.എ.ഇയിലേക്കുള്ള നാല് വിമാനങ്ങളിൽ ഗോടബയക്ക് യാത്ര മുടങ്ങി.
വിമാനത്താവളത്തിലെ സാധാരണ യാത്രാ മാർഗം അനുവദിച്ചെങ്കിലും അവിടെ ജനങ്ങൾ പ്രതിഷേധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഗോടബയ ആ വഴി ഉപേക്ഷിച്ചത്. നേരത്തെ അറിയിച്ചതനുസരിച്ച് നിയമസഭ സ്പീക്കർ മഹിന്ദ യാപ അഭയ്വർധന ബുധനാഴ്ച പ്രസിഡന്റിന്റെ രാജി രാജ്യത്തോട് പ്രഖ്യാപിക്കും. അതിനുശേഷം അറസ്റ്റിലായേക്കുമോയെന്ന ഭയമാണ് ഗോടബയ രാജ്യം വിടാൻ ശ്രമിക്കുന്നതിന് കാരണമായി പറയുന്നത്. ചൊവ്വാഴ്ചതന്നെ ഗോടബയ രാജിക്കത്ത് ഒപ്പിട്ട് സ്പീക്കറുടെ ഓഫിസിന് കൈമാറിയിട്ടുണ്ട്.
വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച രാജപക്സയുടെ ഇളയ സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ രാജപക്സയേയും ചൊവ്വാഴ്ച വിമാനത്താവള അധികൃതർ തടഞ്ഞു. യു.എസ് പൗരത്വമുള്ളയാളാണ് ബേസിൽ. അതിനിടെ ഭരണത്തിൽ പ്രധാന പദവികൾ വഹിച്ചവർ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജിയെത്തി.
ഗോടബയയുടെ രാജി പ്രഖ്യാപിച്ചാൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ താൽക്കാലിക പ്രസിഡന്റാകും. ശ്രീലങ്കൻ ഭരണഘടനപ്രകാരം നിലവിലെ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാൽ പ്രധാനമന്ത്രിക്ക് സ്വാഭാവികമായി പ്രസിഡന്റാകാം. ജൂലൈ 15 മുതൽ പാർലമെന്റ് ചേർന്ന ശേഷം ജൂലൈ 20ന് ഭരണഘടനപ്രകാരം സഭാംഗങ്ങൾ വോട്ട്ചെയ്ത് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന് സ്പീക്കർ പ്രസ്താവനയിൽ അറിയിച്ചു. 2024 നവംബർ വരെയായിരിക്കും പുതിയ പ്രസിഡന്റിന്റെ കാലാവധി. പ്രതിപക്ഷനേതാവ് സജിത് പ്രേമദാസ പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.
പ്രസിഡന്റ് പദത്തിലേക്ക് ഭൂരിപക്ഷ പിന്തുണയുള്ള നേതാവ് വരുമോയെന്നതിൽ അവ്യക്തതയുണ്ട്. നിലവിലെ സാഹചര്യത്തിൽ കടുത്ത ഭരണപ്രതിസന്ധിയിലേക്കാണ് രാജ്യം പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.